Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി.ടി.ബൽറാമിനുനേരെ സിപിഎം അക്രമം; തൃത്താലയില്‍ യുഡ‍ിഎഫ് ഹര്‍ത്താൽ ശാന്തം

Thrithala യുഡിഎഫ് ഹർത്താലിനെ തുടർന്ന് തൃത്താലയിൽ അടഞ്ഞുകിടക്കുന്ന കടകൾ. ചിത്രം: മനോരമ

തൃത്താല∙ വി.ടി.ബല്‍റാം എംഎല്‍എയ്ക്കെതിരെയുളള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താല നിയോജകമണ്ഡലത്തില്‍ യുഡ‍ിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂർണം. ജില്ലയിലുടനീളം മണ്ഡ‍ലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. എകെജിക്കെതിരായ പരാമര്‍ശത്തില്‍ എംഎല്‍എ മാപ്പുപറയും വരെ പ്രതിഷേധവും ബഹിഷ്കരണവും തുടരുമെന്ന് സിപിഎം വ്യക്തമാക്കിയതോടെ പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് തീരുമാനം. വാഹനങ്ങൾ 10 മിനുറ്റ് നേരം തടഞ്ഞുനിർത്തിയ ശേഷമാണ് പറഞ്ഞുവിടുന്നത്.

Thrithala-Hartal1 യുഡിഎഫ് ഹർത്താലിനെ തുടർന്ന് തൃത്താലയിൽ അടഞ്ഞുകിടക്കുന്ന കടകൾ. ചിത്രം: മനോരമ

അതേസമയം, ബൽറാമിന്റെ അഭിപ്രായ സഞ്ചാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കുകയില്ലെന്നും മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക് മുന്നോട്ടു പോകുന്നതാണ് എല്ലാവർക്കും നല്ലതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമം കയ്യിലെടുക്കാൻ പ്രവർത്തകരെ സിപിഎമ്മും മുഖ്യമന്ത്രിയും അനുവദിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. നിയമം എല്ലാവർക്കും ഒരുപോലെയാണ്. യുഡിഎഫ് ബൽറാമിനൊപ്പം ഒറ്റക്കെട്ടാണ്. ബൽറാമിനെ കാണാനായി തൃത്താലയിലെ വീട്ടിലെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.

Thrithala

ബുധനാഴ്ച തൃത്താല മണ്ഡലത്തിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ ബൽറാമിനെ തടയാൻ ശ്രമിച്ച സിപിഎം പ്രവർത്തകരും സംരക്ഷണമൊരുക്കിയ യുഡിഎഫ് പ്രവർത്തകരും ഏറ്റുമുട്ടിയതോടെ കല്ലേറും ലാത്തിച്ചാർജുമുണ്ടായി. കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിലുണ്ടായ സംഭവത്തിൽ എട്ടു പൊലീസുകാരും മാധ്യമപ്രവർത്തകനുമടക്കം 31 പേർക്കു പരുക്കേറ്റു. എംഎൽഎയുടെ വാഹനത്തിന്റെ ചില്ല് കല്ലേറിൽ തകർന്നു. എകെജിക്കെതിരായ വിവാദ പരാമർശത്തിനു ശേഷം ബൽറാം പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു ഇത്.

VT Balram

പൊലീസ് വാഹന അകമ്പടിയോടെ 10.15നെത്തിയ എംഎൽഎയെ കെട്ടിടത്തിന് 50 മീറ്റർ അകലെ വാഹനത്തിൽ നിന്നിറക്കി യുഡിഎഫ് പ്രവർത്തകർ പ്രകടനമായി നീങ്ങി. ഈ സമയം, റോഡിന് എതിർവശത്തു മുദ്രാവാക്യം മുഴക്കി നിന്ന എൽഡിഎഫ് പ്രവർത്തകരിലൊരാൾ പൊലീസ് വാഹനത്തിനു മുകളിൽ കയറി എംഎൽഎയുടെ വാഹനത്തിലേക്കു ചീമുട്ടയെറിഞ്ഞു. പിന്നാലെ കല്ലേറു തുടങ്ങി. യുഡിഎഫ് പ്രവർത്തകർ തിരിച്ചും കല്ലെറിഞ്ഞതോടെ രംഗം യുദ്ധക്കളമായി. ഇരുവിഭാഗത്തിനും മധ്യേ നിലയുറപ്പിച്ച പൊലീസ് എൽഡിഎഫ് പ്രവർത്തകരെ അടിച്ചോടിച്ചു. പിന്നീട് കൂനംമൂച്ചിയിൽ ബൽറാം കോൺഗ്രസ് കൺവൻഷനിൽ പങ്കെടുത്തു.

Thrithala-Hartal2 യുഡിഎഫ് ഹർത്താലിനെ തുടർന്ന് തൃത്താലയിൽ അടഞ്ഞുകിടക്കുന്ന കടകൾ. ചിത്രം: മനോരമ

എകെജിയുമായി ബന്ധപ്പെട്ടു തന്റെ പരാമർശം സിപിഎം പ്രവർത്തകരുടെ സമാനതരത്തിലുള്ള പ്രചാരണങ്ങൾക്കു നൽകിയ മറുപടിയാണെന്നും അത് ഏറ്റവും ഉദാത്തമാണെന്ന് അവകാശപ്പെടുന്നില്ലെന്നും ബൽറാം പറഞ്ഞു. അത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. അതേസമയം, സിപിഎമ്മിന്റെ ഗുണ്ടായിസത്തെ ചെറുക്കാനുള്ള കരുത്തു തനിക്കും പാർട്ടിക്കും ഉണ്ടെന്നും ബൽറാം വ്യക്തമാക്കി.