Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിലേക്കു പോകരുത്; സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണവുമായി യുഎസ്

Leh Ladakh - India

വാഷിങ്ടൻ∙ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു വരുന്ന സ്വന്തം പൗരന്മാരായ വിനോദ സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ശുപാർശ ചെയ്ത് യുഎസ്. അതീവ ജാഗ്രതാ നിർദേശം നൽകുന്ന ലെവൽ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് യുഎസ് നൽകിയിരിക്കുന്നത്. അതേസമയം, പാക്കിസ്ഥാനിലേക്കുള്ള സഞ്ചാരികൾക്കു നൽകിയിരിക്കുന്നത് ലെവൽ 3 മുന്നറിയിപ്പാണ്. അതായത് ഇങ്ങോട്ടുള്ള യാത്ര കഴിവതും ഒഴിവാക്കണം. അഫ്ഗാനിസ്ഥാൻ, മെക്സിക്കോയിലെ അഞ്ചു സ്ഥലങ്ങൾ, സിറിയ, യെമൻ, സൊമാലിയ തുടങ്ങിയ സ്ഥലങ്ങൾ യാത്രയ്ക്ക് അനുയോജ്യമല്ലെന്ന കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോകരാജ്യങ്ങളിലെ സുരക്ഷയെക്കുറിച്ച് പൗരന്മാർക്കു വ്യക്തമായ ചിത്രം നൽകുകയാണ് ഇത്തരം മുന്നറിയിപ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് ആഭ്യന്തരവിഭാഗം വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച യുഎസ് ആഭ്യന്തരവിഭാഗം ഇവിടെ ഭീകരവാദവും കുറ്റക‍ൃത്യവും കൂടുതലാണെന്നു പറയുന്നു. പാക്കിസ്ഥാനുമായി സംഘർഷവും വെടിവയ്പ്പും തുടരുന്ന ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്നും സഞ്ചാരികൾക്കു മുന്നറിയിപ്പുണ്ട്. എന്നാൽ കിഴക്കൻ ലഡാക്ക്, ലേ തുടങ്ങിയവിടങ്ങളിലേക്കു യാത്ര അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ കുറ്റകൃത്യങ്ങളിൽ പ്രധാനപ്പെട്ടത് മാനഭംഗമാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലടക്കം ഇതു വളരെയധികം റിപ്പോർട്ടു ചെയ്യപ്പെടാറുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഗതാഗത മേഖലകൾ, മാർക്കറ്റ്/ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പോടെയും അല്ലാതെയും ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പാക്കിസ്ഥാനിലേക്ക് യാത്ര ഒഴിവാക്കാനാണ് നിർദേശം. എന്തെങ്കിലും അടിയന്തര സാഹചര്യം മൂലം പാക്കിസ്ഥാനിൽ എത്തിയാൽ ബലൂചിസ്ഥാൻ, ഖൈബർ പക്തൂൺഖ്വ (കെപികെ), ആദിവാസി മേഖല (എഫ്എടിഎ) എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യരുതെന്നും യുഎസ് പൗരന്മാർക്ക് നിർദേശമുണ്ട്. പാക്ക് അധിനിവേശ കശ്മീരിലേക്കുള്ള യാത്രയ്ക്കും വിലക്കുണ്ട്.