Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാർഹിക പീഡനം: ബ്രിട്ടനിൽ മലയാളിക്ക് ഭാര്യയെയും മക്കളെയും കാണുന്നതിന് നിയന്ത്രണം

arrest

ലണ്ടൻ ∙ മാഞ്ചസ്റ്ററിൽ ഗാർഹിക പീഡനത്തിന് അറസ്റ്റിലായി ജാമ്യത്തിലായിരുന്ന മലയാളി ഗൃഹനാഥന് ഒരു വർഷത്തേക്ക് ഭാര്യയെയും മക്കളെയും കാണാൻ കോടതിയുടെ നിയന്ത്രണം. മൂന്നു മക്കളുടെ പിതാവായ ഇയാൾക്ക് മറ്റൊരാളുടെ സാന്നിധ്യത്തിൽ മാത്രമേ ഇക്കാലയളവിൽ മക്കളെ കാണാനാകൂ. ഭാര്യയെ കാണാൻ ശ്രമിക്കരുതെന്നും നിർദേശമുണ്ട്. ബ്രിട്ടനിൽ മലയാളികൾക്ക് ഏറെ പരിചിതനും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുകയും ചെയ്ത യുവാവാണ് ഗാർഹിക പീഡനത്തിന് അറസ്റ്റിലായി ഇപ്പോൾ മാഞ്ചസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ നിയന്ത്രണങ്ങൾക്ക് വിധേയനായിരിക്കുന്നത്. 

പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനാണ് ഇയാൾ പലതവണ ഭാര്യയെ മർദിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഇതിനെ സാധൂകരിക്കാൻ ഉതകുന്ന 14 പേജുള്ള മൊഴിപ്പകർപ്പും കോടതിയിൽ ഹാജരാക്കിയിരുന്നു. 

2015 മുതൽ 2017 വരെയുള്ള കാലയളവിൽ ഇയാൾ പലതവണ തന്നെ ശാരീരികമായും മാനസികമായും  ഉപദ്രവിച്ചതായി ഭാര്യയുടെ മൊഴിയിലുണ്ട്. പൊലീസിനു നൽകിയ മൊഴികൾ നിഷേധിക്കാൻ തയാറായില്ലെങ്കിലും സാക്ഷിക്കൂട്ടിൽ കയറിനിന്ന് ഭർത്താവിനെതിരേ മൊഴി നൽകാൻ പരാതിക്കാരി തയാറാകാതിരുന്നതോടെ വിചാരണ നടപടികൾ ഒഴിവാക്കി ചെറിയ നിയന്ത്രണങ്ങളോടെ കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.  

2017 നവംബർ നാലിന്  രാത്രിയിലായിരുന്നു ഇയാൾ മാഞ്ചസ്റ്ററിലെ വസതിയിൽ വച്ച് ഭാര്യയെ പലതവണ മർദിച്ചത്. ഇതു കണ്ട ഇവരുടെ 12 വയസുള്ള മൂത്ത മകളാണ് 999 എന്ന പോലീസ് ഹെൽപ്‌ലൈൻ നമ്പരിൽ വിളിച്ച് പരാതിപ്പെട്ടത്. വിവരം അന്വേഷിച്ചെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഭാര്യയിൽനിന്നും മക്കളിൽനിന്നും മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഈ മൊഴികളടങ്ങിയ കുറ്റപത്രമാണ് പൊലീസ് കോൺസ്റ്റബിൾ ഫിലിപ് ഡ്രമണ്ട് കഴിഞ്ഞദിവസം മാഞ്ചസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. 

ട്രാഫോഡിൽ നേരത്തെ ലേബർ പാർട്ടി ടിക്കറ്റിൽ കൗൺസിലിലേക്ക് മൽസരിച്ചു പരാജയപ്പെട്ട ഇയാൾ പിന്നീട് ടോറി പാർട്ടി അനുഭാവിയായി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ വിഥിൻഷോ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച് പരാജയപ്പെട്ടിരുന്നു. ബ്രിട്ടനിൽ നഴ്സായെത്തി ഇന്നത പഠനത്തിലൂടെ പിഎച്ച്ഡി ഉൾപ്പെടെയുള്ള ബിരുദങ്ങൾ നേടിയ ആളാണ് ഇദ്ദേഹത്തിന്റെ ഭാര്യ. 

related stories