Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം: കേസ് സിബിഐ ഏറ്റെടുത്തു

Jishnu

കൊച്ചി ∙ ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത സിബിഐ, എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു. അതേസമയം, കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ ശുചിമുറിയിലുള്ള കൊളുത്തിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കൂട്ടുകാരാണ് ജിഷ്ണുവിനെ കണ്ടത്.

തുടർന്ന് വിദ്യാർഥികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോപ്പിയടിച്ചെന്നാരോപിച്ചു കോളജ് അധികൃതരെടുത്ത നടപടികളെ തുടർന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ, കോളജിലെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകൾക്കിടയാക്കി.

ജിഷ്ണുവിന്റെ മരണത്തോടെ സ്വാശ്രയ കോളജ് മാനേജ്മെന്റുകൾക്കെതിരെ സംസ്ഥാനത്ത് വിദ്യാർഥി പ്രക്ഷോഭം വ്യാപകമായി. നെഹ്റു കോളജ് അടിച്ചു തകർക്കപ്പെട്ടതോടെ അനിശ്ചിത കാലത്തേക്കു കോളജ് അടച്ചു. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജിൽനിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥി–യുവജനപ്രസ്ഥാനങ്ങൾ സമരം ശക്തമാക്കി. തുടർന്നു കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു.

ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ പറ്റി അന്വേഷണങ്ങളേറെ നടന്നെങ്കിലും എങ്ങുമെത്തിയില്ല. അമ്മ മഹിജ നടത്തിയ സമരം കേരളം ഏറെ ചർച്ച ചെയ്തു. അമ്മയുടെ സമരങ്ങൾക്കൊടുവിൽ അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും പിൻമാറി. പിന്നീട് സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് സിബിഐ ഏറ്റെടുത്തത്.

related stories