Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ പറഞ്ഞ ‘വാക്ക്’ ഉപയോഗിച്ചിട്ടില്ല, പക്ഷേ നടത്തിയത് കഠിനമായ പദപ്രയോഗം: ട്രംപ്

Donald Trump

വാഷിങ്ടൻ ∙ യുഎസിന്റെ കുടിയേറ്റ നയത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ വിശദീകരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘വിസർജ്യ കേന്ദ്രമായ’ രാജ്യങ്ങളിൽനിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിച്ച് കോൺഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തിൽ ട്രംപ് പൊട്ടിത്തെറിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കൻ രാജ്യങ്ങളെ ഉദ്ദേശിച്ചാണു ട്രംപിന്റെ പ്രതികരണമെന്നാണു വിലയിരുത്തൽ. എന്നാൽ താൻ നടത്തിയ പദപ്രയോഗം ‘കഠിന’മായിരുന്നുവെന്നും അതേസമയം വാർത്തയിൽ പറയുന്നതരം വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

കുടിയേറ്റ പദ്ധതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന യുഎസിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ് പ്രസിഡന്റ്. വാഷിങ്ടനിലെ ചില രാഷ്ട്രീയ പ്രവർത്തകർ വിദേശരാജ്യങ്ങൾക്കായാണു പ്രവർത്തിക്കുന്നത്. എന്നാൽ പ്രസിഡന്റ് ട്രംപ് യുഎസിലെ ജനതയ്ക്കുവേണ്ടി നിലകൊള്ളുന്നു – വൈറ്റ് ഹൗസ് വക്താവ് രാജ് ഷാ പറഞ്ഞു.

വിദേശ പൗരന്മാരുടെ യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു കോൺഗ്രസ്, സെനറ്റ് അംഗങ്ങളുമായി ട്രംപ് ചർച്ച നടത്തിയത്. വിദേശ പൗരന്മാർ കുടുംബാംഗങ്ങളെ ഇവിടേക്കു കൊണ്ടുവരുന്നതും ഗ്രീൻ കാർഡ് വീസയും നിയന്ത്രക്കുന്നതിനാണു നീക്കം.  

ഇറാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നിവിടങ്ങളിൽനിന്നുള്ളവര്‍ക്കു യുഎസ് നേരത്തെ യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപിന്റെ നടപടി കീഴ്ക്കോടതിയും അപ്പീൽക്കോടതിയും തള്ളുകയും ചെയ്തിരുന്നു.