Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോയയുടെ മരണം: മുതിർന്ന അഭിഭാഷകൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് ഹർജിക്കാരൻ

Justice Brijgopal Harkishan Loya

ന്യൂഡൽഹി∙ ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള തന്റെ ഹർജി പിൻവലിപ്പിക്കാൻ ഒരു മുതിർന്ന അഭിഭാഷകൻ ശ്രമിച്ചെന്ന് പരാതിക്കാരനായ കോൺഗ്രസ് നേതാവ്. ഇന്നു രാവിലെ ഹർജി പരിഗണിക്കുന്നതിനു തൊട്ടു മുൻപു വരെ അതു പിൻവലിക്കാൻ ഏറെ സ്വാധീനമുണ്ടായതായും കോൺഗ്രസ് നേതാവ്  തെഹ്സീൻ പൂനാവാല പറഞ്ഞു.

എന്നാൽ മുതിർ‌ന്ന അഭിഭാഷകൻ ആരാണെന്ന വിവരം അദ്ദേഹം പുറത്തുവിട്ടില്ല. ഇക്കാര്യത്തിൽ തനിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. നീതിന്യായവ്യവസ്ഥയിൽ പൂർണ വിശ്വാസവുമുണ്ട്. അതിനാലാണ് ഹർജി പിൻവലിക്കാതിരുന്നതെന്നും പൂനാവാല പറഞ്ഞു.

അതേസമയം നാലു മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം വിളിച്ചത് ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇക്കാര്യം ജഡ്ജിമാർക്കിടയിൽത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതായിരുന്നു.

സാധാരണ പൗരന്റെ അഭയസ്ഥാനമാണ് നീതിന്യായ വ്യവസ്ഥ. ഇത്തരം സംഭവങ്ങൾ ജുഡീഷ്യറിയെക്കുറിച്ച് സംശയങ്ങളുയരാനിടയാക്കും. സംഭവിക്കാൻ പാടില്ലാത്തതാണിത്. എന്നാൽ ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല.

വാർത്താസമ്മേളനം വിളിച്ചത് ക്രിമിനൽ കുറ്റമല്ല. അക്കാര്യത്തിൽ തെറ്റായി യാതൊന്നുമില്ല. എന്നാൽ നിലവിലുണ്ടായിരിക്കുന്ന സാഹചര്യത്തിനു പരിഹാരം കാണാൻ നാലു ജഡ്ജിമാർ മുന്നോട്ടു വരണമെന്നും ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

related stories