Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളിൽനിന്ന് സംഭാവന സ്വീകരിച്ച് പ്രവാസികൾക്ക് ക്ഷേമനിധി: മുഖ്യമന്ത്രി പിണറായി

loka-kerala-sabha-cm-pinarayi-vijayan മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭ സമ്മേളനത്തിൽ സംസാരിക്കുന്നു.

തിരുവനന്തപുരം‌∙ സാമ്പത്തികശേഷിയുള്ള പ്രവാസികളില്‍നിന്ന് ഉദാരമായ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടു പ്രവാസികള്‍ക്കായി ക്ഷേമനിധി രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളിയുടെയും നൈപുണ്യവും വൈദഗ്ധ്യവും കേരളത്തിനു പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനപ്രക്രിയയില്‍ കാര്യമായ പങ്കുവഹിക്കാന്‍ പ്രവാസി സമൂഹത്തിനു സാധ്യമാകുന്ന അന്തരീക്ഷമുണ്ടാവണം.

ഇത്തരം ഒരു കൊടുക്കല്‍ വാങ്ങലിന്റെ പാലം കേരളത്തില്‍ കഴിയുന്ന സമൂഹത്തിനും കേരളത്തിനു പുറത്തുള്ള കേരളീയ പ്രവാസി സമൂഹത്തിനും ഇടയില്‍ ഉണ്ടായാല്‍ അത് ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണു ലോക കേരളസഭ രൂപീകരിച്ചിട്ടുള്ളത്.

പ്രവാസികളുടെ പണം രാജ്യത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണം. പ്രവാസി അയയ്ക്കുന്ന പണം കൊണ്ടു വിദേശനാണ്യശേഖരം ശക്തിപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ നേതൃപരമായ പങ്കാളിത്തത്തോടെയല്ലാതെ ഈ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുക സാധ്യമല്ല. ‌വിദേശനാണ്യ നേട്ടം കേന്ദ്രത്തിനും പ്രവാസത്തിന്റെ സാമൂഹ്യച്ചെലവു സംസ്ഥാനത്തിനും എന്ന നീതിയില്ലാത്ത നില നീതിയുക്തമായി മാറണം.

പ്രവാസിസമൂഹം വിദേശ രാജ്യങ്ങളില്‍ നേരിടുന്ന സമസ്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ വേദികൊണ്ടു സാധിക്കും എന്ന ധാരണയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്ര പരമാധികാര രാജ്യങ്ങളാണവ. അവയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തിനവകാശമില്ല. സംസ്ഥാനത്തിന്റെ കാര്യമാവുമ്പോള്‍ പറയാനുമില്ല. ശ്രദ്ധയില്‍വരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള നമ്മുടെ പരിഹാര ഫോര്‍മുലകള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണു ചെയ്യാന്‍ കഴിയുക.

പ്രവാസികളുടെ പ്രാവീണ്യവും പ്രാഗല്‍ഭ്യവും ഒക്കെ തങ്ങളുടെ നാടിനും നാട്ടുകാര്‍ക്കും കൂടി പ്രയോജനപ്പെടുത്തുന്നുവെങ്കില്‍ അവര്‍ക്ക് അതില്‍ സന്തോഷവും അഭിമാനവുമേ ഉണ്ടാവൂ. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരുടെ കഴിവുകള്‍ നാടിനു പ്രയോജനപ്പെടുത്താനുതകുന്ന ഒരു സംവിധാനം ഇതുവരെ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടായിരുന്നില്ല. ആ പോരായ്മ പരിഹരിക്കുകയാണ് ലോക കേരളസഭ.

പ്രവാസി സമൂഹങ്ങള്‍ തമ്മില്‍ത്തമ്മിലും കേരള സമൂഹവും പ്രവാസി സമൂഹവും തമ്മിലും ആശയവിനിമയം, വികസനാത്മക സഹകരണം എന്നിവ ഫലപ്രദമാംവിധം ശക്തിപ്പെടുത്തുന്നതിനുള്ള പൊതുവേദിയായി ലോക കേരളസഭ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories