Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്ത് തുരങ്ക നിർമാണം; ഉപഗ്രഹചിത്രം പുറത്ത്

punggye-ri-nuclear-test-site ആണവ പരീക്ഷണം നടക്കുന്ന പുൻഗി–റിയുടെ ഉപഗ്രഹചിത്രം. (കടപ്പാട്: 38നോർത്ത്)

സോൾ∙ കൊറിയൻ ഉപഭൂഖണ്ഡത്തിൽ ആശങ്കകൾ ഒഴിയുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോൾ ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്ത് തുരങ്ക നിർമാണം നടക്കുന്നതായി റിപ്പോർട്ട്. ആണവ പരീക്ഷണം നടക്കുന്ന പുൻഗി–റിയിൽ തുരങ്ക നിർമാണത്തിന് ഉപയോഗിക്കുന്ന കാർട്ടുകളും മനുഷ്യരും നിരന്തരമായി വന്നുപോകുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉത്തര കൊറിയൻ കാര്യങ്ങൾ നിരീക്ഷിക്കുന്ന 38നോർത്ത് എന്ന വെബ്സൈറ്റാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

തുടർന്നും ആണവ പരീക്ഷണങ്ങൾ നടത്താൻ സ്ഥലം സജ്ജമാക്കിവയ്ക്കുകയാണ് ഈ പ്രവൃത്തിയിലൂടെ അവർ ചെയ്യുന്നതെന്ന് ലേഖനത്തിൽ പറയുന്നു. പ്യോങ്യോങ്ങിന്റെ ആറു ആണവ പരീക്ഷണങ്ങളിൽ അവസാനത്തെ അഞ്ചും നടന്നത് പുൻഗി–റിയിലെ മൗണ്ട് മൻതാപ്പിൽ വച്ചാണ്. ഉത്തര കൊറിയ ഭൂമിക്കടിയിൽ സ്ഥാപിച്ച തുരങ്കത്തിൽ വച്ചായിരുന്നു പരീക്ഷണങ്ങളെല്ലാം.

ഇതിന്റെയെല്ലാം ഫലമായി മേഖലയിലെ ഭൂഗർഭ അന്തരീക്ഷം മാറുകയാണെന്നും കഴിഞ്ഞ ഒക്ടോബറിൽ 38നോർത്ത് റിപ്പോർട്ട് ചെയ്തു. മേഖലയിൽ നിരവധി ഭൂകമ്പങ്ങളും ഉണ്ടായിട്ടുണ്ട്. ആണവ പരീക്ഷണങ്ങൾ മേഖലയിലെ പാറകൾക്ക് വിള്ളലുണ്ടാക്കിയിട്ടുണ്ടെന്നും ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാക്കിയിട്ടുണ്ടെന്നുമാണു റിപ്പോർട്ട്.

മേഖലയിൽ 100നും 120നും ഇടയ്ക്ക് ആളുകളെത്തിയെന്നും എന്തൊക്കെയോ ജോലികൾ ചെയ്യുന്നുണ്ടെന്നും ഉപഗ്രഹചിത്രങ്ങളിൽനിന്നു വ്യക്തമായി. അതേസമയം, ഉപഗ്രഹചിത്രങ്ങൾ ഡിസംബറിലെടുത്തവയാണെന്നും ദക്ഷിണ കൊറിയയുമായുള്ള ചർച്ചകൾക്കു തയറാണെന്ന് കിം ജോങ് ഉൻ അറിയിക്കുന്നതിനു മുൻപാണ് ഈ നിർമാണ പ്രവർത്തനങ്ങൾ നടന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.