Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം പ്രാദേശിക സ്ഥിരതയെ ബാധിക്കും: പാക്കിസ്ഥാൻ

INDIA-SPACE-SATELLITE ഇന്ത്യയുടെ 100–ാം ഉപഗ്രഹവുമായി പിഎസ്എൽവി–സി40 റോക്കറ്റ് കുതിച്ചുയരുന്നു

ന്യൂഡൽഹി∙ ഇന്ത്യയുടെ നൂറാം ഉപഗ്രഹണ വിക്ഷേപണത്തിനെതിരെ പാക്കിസ്ഥാൻ. സൈനിക ആവശ്യങ്ങൾക്ക് ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നത് പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്നാണ് ആരോപണം. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളടക്കമുള്ള എല്ലാ ബഹിരാകാശ സംവിധാനങ്ങളും സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. പ്രാദേശിക സ്ഥിരതയെ മോശമായി ബാധിക്കുന്ന തരത്തിൽ ഇവയൊന്നും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പാക്ക് വിദേശകാര്യ ഓഫിസ് വക്താവ് മുഹമ്മദ് ഫൈസൽ മുന്നറിയിപ്പു നൽകി.

എല്ലാ രാജ്യങ്ങളും ബഹിരാകാശ സംവിധാനങ്ങൾ ഏറ്റവും സമാധാനപരമായി ഉപയോഗിക്കേണ്ടതാണെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ 100–ാമത് ഉപഗ്രഹവുമായിട്ടാണ് പിഎസ്എൽവി–സി40 ബഹിരാകാശത്തേക്കു കുതിച്ചത്. ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പേടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലൻഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി–സി40 വിക്ഷേപിച്ചത്.

റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാൻഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.