Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഡ്ജിമാരുടെ വാർത്താസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു: അറ്റോർണി ജനറൽ

KK Venugopal അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ

ന്യൂഡൽഹി ∙ നാലു മുതിർന്ന ജഡ്ജിമാർ ചേർന്ന് പത്രസമ്മേളനം വിളിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തോടുള്ള വിയോജിപ്പു രേഖപ്പെടുത്തിയ സംഭവം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. പുതിയ സാഹചര്യത്തിൽ ഐക്യം ഉറപ്പാക്കാൻ നാലു ജഡ്ജിമാരും ‘നീതിജ്ഞത’ പ്രകടിപ്പിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ അറ്റോർണി ജനറൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ചേർന്നു പിന്നീട് മാധ്യമങ്ങളെ കാണുമെന്ന അഭ്യൂഹവും പരന്നു; അതുണ്ടായില്ല. എന്നാൽ ചീഫ് ജസ്റ്റിസും നാലു ജഡ്ജിമാരും അവസരത്തിനൊത്ത് ഉയരുമെന്നും നിലവിലുള്ള ഭിന്നത പരിഹരിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് വേണുഗോപാൽ വാർത്താ ഏജൻജിയോടു വ്യക്തമാക്കി.

പരസ്പരധാരണയോടെ മുന്നോട്ടു പോകുമെന്നാണു കരുതുന്നത്. ഇക്കാര്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചീഫ് ജസ്റ്റിസുമായുള്ള ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പക്ഷേ അദ്ദേഹം പുറത്തുവിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ പ്രതികരണത്തിന് മാധ്യമങ്ങൾ ഏറെ ശ്രമിച്ചിട്ടും ലഭ്യമായതുമില്ല.

ചീഫ് ജസ്റ്റിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടും കോടതിയുടെ പ്രവർത്തനക്രമം തെറ്റിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരാണ് വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ടത്.

ജസ്റ്റിസ് ചെലമേശ്വറിന്റെ വീട്ടിൽവച്ച് പരസ്യ പ്രതികരണം നടത്തിയ ജഡ്ജിമാരുടെ സംഘം കടുത്ത ആരോപണങ്ങളാണ് സുപ്രീം കോടതി ഭരണസംവിധാനത്തിനു നേരെ ഉയർത്തിയത്. തങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് പിന്നീട് ആരും പറയരുതെന്ന് പറഞ്ഞാണ് ജഡ്ജിമാർ കടുത്ത വിമര്‍ശനങ്ങളിലേക്ക് കടന്നത്. വാർത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരും കൊളീജിയം അംഗങ്ങളാണെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു.

related stories