Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിലും ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി

Rahul Gandhi

ന്യൂഡൽഹി ∙ കർണാടകത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് മോഡൽ പര്യടനം അടുത്തമാസം 10 മുതൽ. ആദ്യവട്ടം മൂന്നുദിവസം പര്യടനം നടത്തുന്ന രാഹുൽ പിന്നാലെ മൂന്നു ത്രിദിന പ്രചാരണ പരിപാടികൾകൂടി നടത്തും. വിജയകരമായ ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ നടത്തിയ യോഗത്തിലാണു തീരുമാനമായത്.

മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ജി.പരമേശ്വര, മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖർഗെ, ഓസ്കർ ഫെർണാണ്ടസ്, ബി.കെ.ഹരിപ്രസാദ് തുടങ്ങിയവരും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എന്നിവരും പങ്കെടുത്തു.

‘നാവു പിഴയ്ക്കരുത്, സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങൾക്കായാലും ദുർവ്യാഖ്യാനമുണ്ടാകാ’മെന്ന മുന്നറിയിപ്പാണു രാഹുൽ നേതാക്കൾക്കു നൽകിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്തു പ്രധാനമന്ത്രിക്കെതിരെ മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഓർമപ്പെടുത്തൽ.

സംസ്ഥാനത്തെ 56,000 ബൂത്തുകളിൽനിന്നു തിരഞ്ഞെടുത്ത സജീ‌വപ്രവർത്തകർക്കു മണ്ഡലതല പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്. വീടുതോറും കയറിയുള്ള പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ഒരുബസിൽ എല്ലാ നേതാക്കളും സംയുക്ത പ്രചാരണം നടത്താനും തീരുമാനമുണ്ട്. സ്ഥാനാർഥി നിർണയം കാലേകൂട്ടി പൂർത്തിയാക്കാനും ശ്രമമുണ്ടാകും.