Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഡിയുവിന്റെ ഇടത് പ്രവേശനം; ഭരണമാറ്റത്തിനു കളമൊരുങ്ങി തദ്ദേശ സ്ഥാപനങ്ങൾ

MP Veerendrakumar

തിരുവനന്തപുരം∙ ജെഡിയു ഇടതുമുന്നണിയിലേക്കു പോകാന്‍ തീരുമാനിച്ചതോടെ മലബാറിലെ നിരവധി പഞ്ചായത്തുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും യുഡിഎഫിനു ഭരണം നഷ്ടമാകും. വടകരയിലാകും നഷ്ടമേറെ. ഇതിനൊപ്പം നിരവധി പഞ്ചായത്തുകളില്‍ ഭരണ പ്രതിസന്ധിയുണ്ടാകും.

വടകര നിയോജക മണ്ഡലത്തിലെ ഏറാമല, അഴിയൂര്‍, ചോറോട്, എന്നീ പഞ്ചായത്തുകളും വടകര, തോടന്നൂര്‍ ബ്ലോക്കും പയ്യോളി മുന്‍സിപ്പാലിറ്റിയുമാണു ജെഡിയു മുന്നണി വിടുന്നതോടെ യുഡിഎഫിനു നഷ്ടമാവുക. 18 അംഗങ്ങളുള്ള അഴിയൂര്‍ പഞ്ചായത്തില്‍ മുസ‌്‍ലിം ലീഗിനു നാലും ജെഡിയുവിനു മൂന്നും കോണ്‍ഗസിനു രണ്ടും എസ്ഡിപിഐയ്ക്ക് ഒരു അംഗവുമാണുള്ളത്. എതിര്‍പക്ഷത്ത് സിപിഎം നാല്, സിപിഐ ഒന്ന്, ജെഡിഎസ് ഒന്ന് എന്ന നിലയിലാണു കക്ഷിനില. ജെഡിയുവിനെ കൂടെ കൂട്ടുന്നതോടെ എല്‍ഡിഎഫിനു ഭരണം പിടിച്ചെടുക്കാം.

21 അംഗങ്ങളുള്ള ചോറോട് പഞ്ചായത്ത് ഭരണസമിതിയില്‍ ജെഡിയുവിന്‍റെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ യുഡിഎഫിന് ഒന്‍പതു പേരാണുള്ളത്. സിപിഎമ്മിനും ഒന്‍പത് അംഗങ്ങളുണ്ടെങ്കിലും ആര്‍എംപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണു യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. ജെഡിയുവിന്‍റെ പിന്തുണ കൂടിയാകുമ്പോള്‍ പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫിനു ഭരിക്കാം.

ഏറാമലയിലെ 19 അംഗ ഭരണസമിതിയില്‍ ജെഡിയുവിന് എട്ട് അംഗങ്ങളാണുള്ളത്. സിപിഎം, സിപിഐ എന്നിവര്‍ക്ക് ഓരോ അംഗങ്ങളും. ആര്‍എംപി മൂന്ന്, ലീഗ് നാല്, കോൺഗ്രസ് രണ്ട് എന്നിവര്‍ യോജിച്ചാലും ഭരണം ഇടതിനൊപ്പമാകും‌ം. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയില്‍ ജെഡിയുവിന്‍റെ ഒരംഗം അടക്കം ഏഴു പേരാണുള്ളത്. ഇതില്‍ പ്രസിഡന്‍റ് യുഡിഎഫുമായി സഹകരിക്കാത്തതിനാല്‍ ജെഡിയുവിന്‍റെ സഹായത്തോടെ ഭരണം ഇടതുമുന്നണിക്കു പിടിച്ചെടുക്കാം. തോടന്നൂര്‍ ബ്ലോക്ക് പ‌ഞ്ചായത്ത് പ്രസിഡന്‍റ് തിരുവള്ളൂര്‍ മുരളിയെ നേരത്തെ യുഡിഎഫില്‍നിന്നു പുറത്താക്കിയിരുന്നു. ഇതിനു പുറമേ ഏലത്തൂര്‍, കാക്കൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഭരണ പ്രതിസന്ധിയും ഉറപ്പായി.