Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഫ്ബി പദ്ധതിയ്ക്ക് പ്രവാസി ലോകത്തിന്റെ പിന്തുണ

Loka Kerala Sabha ലോക കേരള സഭയിലെ സദസ്. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം ∙ രണ്ടു വര്‍ഷം കൊണ്ട് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ലോക കേരള സഭയിലെ ചര്‍ച്ചയില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. പ്രവാസികളുടെ സമ്പാദ്യത്തെ നാടിന്റെ സൗഭാഗ്യമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പത്തു ലക്ഷം പ്രവാസികളെങ്കിലും ചിട്ടിയില്‍ ചേരുമെന്നാണ് പ്രതീക്ഷ. ബാങ്ക് നിരക്കിനേക്കാള്‍ കൂടിയ പലിശ കിട്ടുന്ന ചിട്ടി കേരള വികസന പ്രക്രിയയില്‍ പങ്കാളി ആകാനും പ്രവാസികള്‍ക്ക് അവസരം നല്‍കുന്നതായി തോമസ് ഐസക് ചൂണ്ടിക്കാട്ടി.

ലോക കേരള സഭയുടെ രണ്ടാം ദിനത്തിലെ ഉപചര്‍ച്ചയില്‍ കിഫ്ബി ഫണ്ട് സമാഹരണത്തിലെ വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പെന്‍ഷനും ഇന്‍ഷുറന്‍സ് സംരക്ഷണവും ബന്ധിപ്പിച്ചുള്ള പ്രവാസി ചിട്ടികള്‍ മികച്ച നിക്ഷേപ അവസരമാണെന്ന് കിഫ്ബി സിഇഒ ഡോ.കെ.എം എബ്രഹാം പറഞ്ഞു. പ്രവാസി ചിട്ടിയുടെ നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനായിട്ടാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവും ആണെന്നും എബ്രഹാം വിശദീകരിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താതെ യൂറോപ്പ്, അമേരിക്ക ഉള്‍പ്പെടെ ലോകത്തെ എല്ലാ മലയാളികള്‍ക്കും ഇതില്‍ ചേരാന്‍ അവസരം നല്‍കണമെന്ന് ചര്‍ച്ചയില്‍ പ്രവാസികള്‍ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥകളും നപടിക്രമങ്ങളും ലഘൂകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ലാഭം ഉറപ്പാക്കുന്ന കൂടുതല്‍ പദ്ധതികള്‍ കിഫ്ബി നടപ്പാക്കണമെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മികച്ച പദ്ധതികള്‍ അവതരിപ്പിച്ചാല്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ ഒരുക്കമാണ് എന്ന് ഗള്‍ഫാര്‍ മുഹമ്മദാലി പറഞ്ഞു.

ഗവണ്‍മെന്റ് പണം വികസന ആവശ്യത്തിന് ചെലവ് ചെയ്യുമ്പോള്‍ ബാധ്യതകൂടുമെന്നും അത് പരിഹരിക്കാന്‍ പ്രവാസികള്‍ നിക്ഷേപം നടത്തണമെന്നും മുന്‍ ധനകാര്യമന്ത്രി കെ.എം മാണി അഭ്യര്‍ഥിച്ചു. പ്രവാസി സമൂഹം ആവശ്യപ്പെട്ടാല്‍ അവര്‍ക്കായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്ന കാര്യം ആലോചിക്കാമെന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി പറഞ്ഞു.

ഇന്ത്യയിലെ പ്രവാസികള്‍ക്കായി ചിട്ടി തുടങ്ങണം, കെ.എസ്.എഫ്.ഇയെ ബാങ്ക് ആക്കി മാറ്റണം തുടങ്ങിയ നിര്‍ദേശങ്ങളും അംഗങ്ങള്‍ ഉയര്‍ത്തി. എംഎല്‍എമാരായ സുരേഷ് കുറുപ്പ്, ടി.വി. രാജേഷ്, വി.ഡി.സതീശന്‍, സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീത ഗോപിനാഥ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, കമല വര്‍ധന റാവു, ഡോ. ഷര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.