Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാനാകില്ല

passport

ന്യൂഡൽഹി∙ പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്‍റ് ചെയ്യേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല. ഇമിഗ്രേഷന്‍ പരിശോധന ആവശ്യമായവര്‍ക്ക് ഓറഞ്ച് നിറത്തിലെ പുറംച്ചട്ടയോടുകൂടിയ പാസ്പോര്‍ട്ട് നല്‍കും.

വിദേശകാര്യമന്ത്രാലയത്തിന്‍റെയും വനിതാശിശുക്ഷേമന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥര്‍ അംഗങ്ങളായ ഉന്നതതലസമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. പാസ്‍പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും പേര് തുടങ്ങിയവ ഇനി പ്രിന്‍റ് ചെയ്യില്ല.

ഇമിഗ്രേഷന്‍ പരിശോധന ആവശ്യമാണോ അല്ലയോ തുടങ്ങിയ വിശദാംശങ്ങളും ഉണ്ടാകില്ല. ഇമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവര്‍ക്ക് നീല പാസ്പോര്‍ട്ടും പരിശോധന ആവശ്യമുളളവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ടും വിതരണം ചെയ്യും. പഴയ പാസ്പോര്‍ട്ട് നമ്പറും, പാസ്പോര്‍ട്ട് ഓഫിസിന്‍റെ വിശദാംശങ്ങളും ഒഴിവാക്കും. നാസികിലെ ഇന്ത്യന്‍ സുരക്ഷാപ്രസിനാണു പുതിയ പാസ്പോര്‍ട്ട് രൂപകല്‍പന ചെയ്യാനുളള ചുമതല. നിലവില്‍ പാസ്പോര്‍ട്ടുളളവര്‍ക്കു കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.