Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോൺ നായികയുമായി ട്രംപിനു ബന്ധം; വിവരം മൂടിവയ്ക്കാൻ പണം നൽകി

Donald-Trump-Stephanie-Clifford ഡോണൾഡ് ട്രംപ്, സ്റ്റെഫാനി ക്ലിഫോർഡ്

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. പോൺ നായികയായ സ്റ്റെഫാനി ക്ലിഫോർഡിന് ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ അദ്ദേഹത്തിന്റെ സ്വകാര്യ അഭിഭാഷകൻ 1,30,000 ഡോളർ (ഏകദേശം 82,69,365 രൂപ) നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.

മെലാനിയയുമായുള്ള വിവാഹശേഷം ഒരു വർഷം കഴിഞ്ഞാണ് ട്രംപ്, സ്റ്റെഫാനി ക്ലിഫോർഡെന്ന സ്റ്റോമി ഡാനിയേലിനെ കാണുന്നത്. 2006 ൽ ഒരു ഗോൾഫ് മൽസരത്തിനിടെയായിരുന്നു ഇത്. തുടർന്ന് 2016 ൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ‘എബിസി ന്യൂസി’നോടു സംസാരിക്കാൻ സ്റ്റെഫാനി തയാറായി. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നൽകി സംഭവം ഒത്തുതീർപ്പാക്കിയത്. ട്രംപിന്റെ അഭിഭാഷകൻ മിഷേൽ കോഹെൻ ആണ് സ്റ്റെഫാനിയുടെ അഭിഭാഷകൻ കെയ്ത് ഡേവിഡ്സൺ വഴി പണം കൈമാറിയത്.

അതേസമയം, ഈ റിപ്പോർട്ടുകൾ കോഹെന്നും സ്റ്റെഫാനിയും നിഷേധിച്ചു. ട്രംപുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് സ്റ്റെഫാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് കോഹെൻ പറഞ്ഞു. അതിനിടെ, വാൾ സ്ട്രീറ്റിന്റെ റിപ്പോർട്ട് പഴയതാണെന്നും അതിൽ വിശദീകരണം നൽകിയിരുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

കലിഫോർണിയയിലെ ലേക്ക് താഹോയിൽ നടന്ന ഗോൾഫ് ടൂർണമെന്റിലാണ് ട്രംപിനെ കണ്ടതെന്നും ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ കൂട്ടുകാരികളുമൊത്ത് അവിടെ പോയെന്നും മുറിയിൽ വച്ചു ചേർത്തു പിടിച്ച ട്രംപ് അനുമതി കൂടാതെ ചുംബിച്ചുവെന്നും അവർ ആരോപിച്ചിരുന്നു. ഒപ്പം കഴിയാൻ ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ച് അവിടെ നിന്നു പോരുകയായിരുന്നുവെന്നും സ്റ്റെഫാനി പറഞ്ഞിരുന്നു.

നീലച്ചിത്ര നടി ജെസീക്ക ഡ്രാക്കെയടക്കം ഒട്ടേറെ സ്ത്രീകൾ മുൻപും ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.