Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിപ്പട വീണ്ടും ചീട്ടുകൊട്ടാരം; ഇന്ത്യയ്ക്ക് 135 റൺസ് തോൽവി, പരമ്പര നഷ്ടം

India വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ.

പ്രിട്ടോറിയ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അദ്ഭുതങ്ങൾ പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകരെ നിരാശരാക്കി ഇന്ത്യൻ ബാറ്റിങ് നിര വീണ്ടും ചീട്ടുകൊട്ടാരമായി. 287 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 151ൽ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടർച്ചയായ രണ്ടാം വിജയവും പരമ്പരയും സ്വന്തം. 135 റൺസിനാണ് ആതിഥേയരുടെ വിജയം. എട്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് ശർമ–മുഹമ്മദ് ഷാമി സഖ്യമാണ് ഒരു ഘട്ടത്തിൽ ഏഴിന് 87 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയുടെ തോൽവിഭാരം കുറച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി എൻഗിഡി ആറും റബാഡ മൂന്നും വിക്കറ്റും വീഴ്ത്തി. സെഞ്ചൂറിയൻ ടെസ്റ്റിലെ വിജയത്തോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതൽ ജൊഹാനാസ്ബർഗിൽ നടക്കും. ഈ മൽസരത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ലൂംഗി എൻഡിഗിയാണ് കളിയിലെ കേമൻ. രണ്ടാം ഇന്നിങ്സിലെ ആറു വിക്കറ്റ് നേട്ടം ഉൾപ്പെടെ മൽസരത്തിലാകെ എൻഡിഗി ഏഴു വിക്കറ്റ് വീഴ്ത്തി.

സ്കോർ: ദക്ഷിണാഫ്രിക്ക – 335 & 258, ഇന്ത്യ – 307 & 151

87 റൺസെടുക്കുമ്പോഴേക്കും രോഹിത് ശർമ ഒഴികെയുള്ള അംഗീകൃത ബാറ്റ്സ്മാൻമാരെല്ലാം പവലിയനിൽ തിരിച്ചെത്തിയതോടെ അനിവാര്യമായ തോൽവിയെ എത്രനേരം പ്രതിരോധിച്ചു നിൽക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയത്. എട്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് വിദൂര പ്രതീക്ഷ സമ്മാനിച്ച രോഹിത്–ഷാമി സഖ്യം പൊളിച്ച് കഗീസോ റബാഡ ഇന്ത്യയെ പെട്ടെന്നുതന്നെ ചുരുട്ടിക്കെട്ടി. 47 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മുഹമ്മദ് ഷാമി 24 പന്തിൽ അ‍ഞ്ചു ബൗണ്ടറികളോടെ 28 റൺസെടുത്ത് പുറത്തായി.

മൂന്നിന് 35 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ ചേതേശ്വർ പൂജാരയെ നഷ്ടമായി. 47 പന്തിൽ രണ്ടു ബൗണ്ടറികളോടെ 19 റൺസെടുത്ത പൂജാര റണ്ണൗട്ടാവുകയായിരുന്നു. മികച്ച രീതിയിൽ ബാറ്റ് ചെയ്ത് വന്ന പാർഥിവ് പട്ടേലിനെ കഗീസോ റബാഡയുടെ പന്തിൽ ഉജ്വലമായ ക്യാച്ചിലൂടെ മോണി മോർക്കൽ മടക്കിയതോടെ കളി തീരുമാനമായി. 49 പന്തിൽ രണ്ടു ബൗണ്ടറികളോടെയാണ് പട്ടേൽ 19 റൺസെടുത്തത്.

ടെസ്റ്റ് കളിക്കാൻ താൻ ഇനിയും പൂർണ സജ്ജനല്ല എന്നു തെളിയിച്ച് നിരുത്തരവാദിത്തപരമായ ഷോട്ടിലൂടെ ഹാർദിക് പാണ്ഡ്യയും പുറത്തായതോടെ തോൽവി എത്രനേരം വൈകും എന്നതു മാത്രമായിരുന്നു സംശയം. 12 പന്തിൽ ആറു റൺസെടുത്ത പാണ്ഡ്യയെ എൻഗിഡിയാണ് മടക്കിയത്. ആറു പന്തിൽ മൂന്നു റൺസുമായി അശ്വിനെയും എൻഗിഡി പുറത്താക്കിയതോടെ 87 റൺസിനിടെ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റും നഷ്ടം.

എട്ടാം വിക്കറ്റിലെ 54 റൺസ് കൂട്ടുകെട്ട് പൊളിച്ച് റബാഡ രോഹിത് ശർമയെ പുറത്താക്കിയതോടെ ഇന്ത്യൻ വാലറ്റത്തെ ചുരുട്ടിക്കെട്ടേണ്ട ചുമതലയേ ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നുള്ളൂ. രോഹിത് പുറത്തായശേഷവും ആക്രമണം തുടർന്ന ഷാമിയെയും (24 പന്തിൽ 28) ബുമ്രയെയും (രണ്ട്) മടക്കി എൻഡിഗി അവസാന ആണിയും അടിച്ചു. ഇഷാന്ത് ശർമ നാലു റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ, ബാറ്റിങ് ദുഷ്ക്കരമായ പിച്ചിൽ ഒരു ദിവസം ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കു മുന്നിൽ വച്ചു നീട്ടിയതു 287 എന്ന കൊതിപ്പിക്കുന്ന വിജയലക്ഷ്യം. എന്നാൽ നാലാം ദിനം അവസാന സെഷനിൽ തന്നെ കോഹ്‌ലി ഉൾപ്പെടെ മൂന്നു പേരെ മടക്കി ദക്ഷിണാഫ്രിക്കൻ ബോളർമാർ ഇന്ത്യയ്ക്ക് വരാനിരിക്കുന്നതിന്റെ സൂചന നൽകി. മുരളി വിജയ് (ഒൻപത്), കെ.എൽ രാഹുൽ (നാല്), കോ‌ഹ്‌ലി (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. എൻഗിഡിയാണ് കോഹ്‌ലിയെയും രാഹുലിനെയും മടക്കിയത്. റബാദ വിജയിയെ ബോൾഡാക്കി.

രണ്ടിന് 90 എന്ന നിലയിൽ ഇന്നലെ ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ എൽഗാർ(61), ഡിവില്ലിയേഴ്സ്(80), ഡുപ്ലെസി(48) എന്നിവരാണ് മികച്ച സ്കോറിലേക്കു നയിച്ചത്. വിക്കറ്റിനായി പന്തെറിഞ്ഞ ബുമ്രയും റൺനിരക്ക് നിയന്ത്രിച്ച ഇഷാന്ത് ശർമയും മികച്ച രീതിയിൽ തന്നെ പന്തെറിഞ്ഞു. എന്നാൽ മുഹമ്മദ് ഷമിയാണ് ഇന്ത്യയെ കളിയിലേക്കു തിരിച്ചു കൊണ്ടു വന്നത്. പന്ത് റിവേഴ്സ് സ്വിങ് ചെയ്തു തുടങ്ങിയതോടെ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ ഷമി 42–ാം ഓവറിൽ ഡിവില്ലിയേഴ്സിനെ പട്ടേലിന്റെ കയ്യിലെത്തിച്ചു. എൽ‍ഗാറിനെയും ഡി കോക്കിനെയും താമസമില്ലാതെ മടക്കി ഷമി ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. എന്നാൽ ഫിലാൻഡറെ (26) കൂട്ടു പിടിച്ച് ഡുപ്ലെസി ടീം സ്കോർ 250 കടത്തി.

related stories