Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിനോട് അനുഭാവം; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

Sreejith

തിരുവനന്തപുരം∙ പൊതുജന പിന്തുണ ആര്‍ജിച്ച ശ്രീജിത്തിന്‍റെ സമരത്തില്‍ പ്രതീക്ഷയേകുന്ന വഴിത്തിരിവ്. ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് കത്തയയ്ക്കും. ആദ്യ അപേക്ഷ സിബിഐ തള്ളിയിരുന്നു. ശ്രീജിവിന് നീതിതേടി ശ്രീജിത്ത് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ 764 ദിവസമായി തുടരുന്ന സമരം വലിയ വാര്‍ത്തയായപ്പോഴാണ് സർക്കാരിന്റെ ഇടപെടല്‍.

പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട സഹോദരനു നീതിതേടി സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രീജിത്ത് നടത്തുന്ന സമരത്തിന് വലിയ പിന്തുണയാണ് ഓരോ ദിവസം ലഭിക്കുന്നത്. ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയ രാഷ്ട്രീയ‌ക്കാര്‍ക്കെതിരെ പിന്തുണയുമായെത്തിയവർ ബഹളമുണ്ടാക്കി. സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ബാനറുകള്‍ സ്ഥാപിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ജനരോഷമുയര്‍ന്നത്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ശ്രീജിത്തിനെ ദുരുപയോഗം ചെയ്യരുതെന്ന് സുഹൃത്തുക്കൾ‌ ആവശ്യപ്പെട്ടു.

തുടര്‍ച്ചയായ സമരവും നിരാഹാരവും മൂലം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട്. 2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പ്:

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സിബിഐ നിലപാട് പുന:പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തിന് കത്തെഴുതാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തിന്‍റെ പ്രശ്നത്തില്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനോട് അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളത്.

ശ്രീജിവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ശ്രീജിത്തിന്‍റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര പേഴ്സനല്‍ മന്ത്രാലയം നിരസിക്കുകയാണ് ചെയ്തത്. 2014ല്‍ ആണ് ശ്രീജിത്തിന്‍റെ സഹോദരന്‍ കസ്റ്റഡിയില്‍ മരണപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി ഒന്നും സ്വീകരിച്ചില്ല. ശ്രീജിത്തിന്‍റെ പരാതിയിൽ 2016 മേയ് 17ന് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഉത്തരവ് പരിശോധിച്ചു. സെപ്തംബര്‍ മൂന്നിന് ആഭ്യന്തര വകുപ്പ് നടപടിക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കി.

ശ്രീജിവിന്‍റെ മാതാവിനും സഹോദരന്‍ ശ്രീജിത്തിനുമായി 10 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഉത്തരവിലെ ഒരു നിര്‍ദേശം. ഒരു മാസത്തിനകം പത്ത് ലക്ഷം രൂപ ആശ്വാസമായി ഇരുവര്‍ക്കും നല്‍കി. ഈ തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ പൊലീസ് മേധാവിയോടു സര്‍ക്കാര്‍ നിര്‍ദേശിച്ചു. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനുമായിരുന്നു മറ്റൊരു നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു.

എന്നാല്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് പ്രതികള്‍ക്കെതിരെ കേരള പൊലീസ് അന്വേഷണം നടത്തുന്നതില്‍ ആക്ഷേപമുന്നയിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ശ്രീജിത്ത് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ശ്രീജിത്തിന്‍റെ ആവശ്യത്തോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി, സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

ഡല്‍ഹി സ്റ്റേഷന്‍ പൊലീസ് ആക്ട് പ്രകാരം പാറശാല പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് സിബിഐ അന്വേഷണത്തിന് വിട്ട് 2017 ജൂൺ എട്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചു. കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്‍റെ കത്തും വിജ്ഞാപനവും കേന്ദ്രത്തിന് അയച്ചുകൊടുത്തു. 2018 ജനുവരി മൂന്നിന് കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി ലഭിച്ചു. കേസ് സിബിഐ ഏറ്റെടുക്കില്ലെന്നായിരുന്നു മറുപടി. അപൂര്‍വവും അസാധാരണവുമായ ഒരു കേസായി ഇതിനെ കാണുന്നില്ലെന്നാണ് സിബിഐ അറിയിയിച്ചത്. ജോലിഭാരമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം നിരസിക്കുകയാണെന്ന നിലപാടാണ് സിബിഐ എടുത്തത്.

related stories