Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിള്ളയെയും ഗണേഷിനെയും വേണ്ടെന്ന് പവാറിനോട് ചാണ്ടി, ശശീന്ദ്രൻ വിഭാഗങ്ങൾ

Ganesh Kumar, Balakrishna Pillai

തിരുവനന്തപുരം∙ കേരള കോൺഗ്രസി(ബി)നെ എൻസിപിയുടെ ഭാഗമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു തോമസ്ചാണ്ടി–എ.കെ.ശശീന്ദ്രൻ വിഭാഗങ്ങൾ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ മുംബൈയിൽ കണ്ട് ആവശ്യപ്പെട്ടു. പാർട്ടിയിലെ ഈ പ്രബലവികാരം പരിഗണിക്കുമെന്നു പവാർ ഉറപ്പുനൽകിയെന്നാണു വിവരം. പിള്ള വിഭാഗത്തെ എൻസിപിയി‍ൽ ലയിപ്പിച്ചു കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിയാക്കാൻ എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ ശ്രമിച്ചിരുന്നു.

ചാണ്ടി–ശശീന്ദ്രൻ വിഭാഗങ്ങൾ എതിർത്തതോടെ നിർത്തിവച്ചെങ്കിലും ആ നീക്കം പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നു വന്നതോടെയാണ് എ.കെ.ശശീന്ദ്രൻ, മാണി സി.കാപ്പൻ, സലീം പി.മാത്യു എന്നിവർ പവാറിനെ സമീപിച്ചത്. വിദേശത്തായതിനാൽ ചാണ്ടി കൂടിക്കാഴ്ചയ്ക്കുണ്ടായില്ല.

കേസുകളിൽ കുടുങ്ങിയ തോമസ് ചാണ്ടിക്കും ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താൻ കഴിയാത്തതിനാൽ പുറത്തുള്ള ഒരാളെ എൻസിപിയുടെ മന്ത്രിയാക്കണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുമുണ്ട്. ഗണേഷിന്റെ കാര്യം അങ്ങനെ പരിഗണിക്കാമെന്ന സൂചന പവാർ നൽകിയെങ്കിലും കേരള നേതാക്കൾ എതിർക്കുകയായിരുന്നു.

ആർ.ബാലകൃഷ്ണപിള്ള നേരത്തേ ഉൾപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ അവർ പവാറിനു കൈമാറി. പിള്ളയെ പാർട്ടിയിലെടുത്താൽ എൽഡിഎഫിലെ ഘടകകക്ഷിസ്ഥാനം വരെ ഭീഷണിയിലാകുമെന്നു ബോധ്യപ്പെടുത്താനായിരുന്നു നേതാക്കളുടെ ശ്രമം. ഗണേഷിനു പകരം കോവൂർ കുഞ്ഞുമോനെ മന്ത്രിയാക്കാമെന്ന അഭിപ്രായം ചാണ്ടിക്കുണ്ടെങ്കിലും ശശീന്ദ്രനെക്കൂടി ഇക്കാര്യത്തിൽ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.

മാണി സി.കാപ്പനെതിരെ കേന്ദ്രനേതൃത്വത്തിനു പീതാംബരൻ നൽകിയ പരാതിയിന്മേൽ തന്റെ ഭാഗം കാപ്പൻ വിശദീകരിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം പ്രദീപ് പാറപ്പുറം, കുന്നത്തുനാട് ബ്ലോക്ക് സെക്രട്ടറി സി.വി.വർഗീസ് എന്നിവർക്കെതിരെ പീതാംബരനെടുത്ത സസ്പെൻഷൻ പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, നടപടികൾ പാടില്ലെന്ന കാര്യം പരിഗണിക്കാമെന്നും പവാർ അറിയിച്ചു. സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലുള്ള പരാതികളും പവാറിനെ ധരിപ്പിച്ചു. 

വിവാദനേതാവിനെ ദേവസ്വം അംഗമാക്കാൻ നീക്കം

സാമ്പത്തിക തട്ടിപ്പിലും വഞ്ചനാക്കേസിലും പെട്ടയാളെ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമാക്കാൻ എൻസിപി നേതൃത്വം ശ്രമിക്കുന്നതായി പരാതി. പാർട്ടി കേന്ദ്രനേതൃത്വത്തിനും സിപിഎമ്മിനും പരാതി നൽകാൻ പാർട്ടിയിലെ ഒരു വിഭാഗം തീരുമാനിച്ചു.

ഗുരുവായൂർ ദേവസ്വംബോർഡ് പുനഃസംഘടിപ്പിക്കുമ്പോൾ എൻസിപിക്ക് ഒരു പ്രതിനിധിയെ ലഭിച്ചേക്കും. രണ്ടുവർഷം മുൻപ് പൊലീസ് പിടിയിലായപ്പോൾ എൻസിപി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയെങ്കിലും കേസ് കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടി നേതാവിനെ വീണ്ടും സംസ്ഥാന നിർവാഹകസമിതിയിൽ എടുത്തിരുന്നു.