Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തർക്കം കോടതിയെ ബാധിക്കില്ല; ചർച്ചയ്ക്കു തയാറെന്ന് ജസ്റ്റിസ് ചെലമേശ്വർ

Justice Jasti Chelameswar

ന്യൂഡൽഹി∙ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചർച്ച നടത്താൻ തയാറാണെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ജഡ്ജിമാർക്കിടയിൽ ഉടലെടുത്തിരിക്കുന്ന തർക്കം കോടതിയുടെ പ്രവർത്തനത്തെ ബാധിക്കില്ല. ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. തുടർനടപടികൾ ഒപ്പമുള്ള മറ്റു ജഡ്ജിമാരോട് ആലോചിച്ചു തീരുമാനിക്കാമെന്നും ചെലമേശ്വർ വ്യക്തമാക്കി. ബാർ കൗൺസിൽ പ്രതിനിധികളോടാണ് ചെലമേശ്വർ നിലപാടു വ്യക്തമാക്കിയത്.

ജഡ്ജിമാർക്കിടയിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ തിരക്കിട്ട ശ്രമങ്ങളാണു നടക്കുന്നത്. ജസ്റ്റിസ് ചെലമേശ്വറുമായി ചർച്ച നടത്തിയ ബാർ കൗൺ‌സിൽ പ്രതിനിധികൾ വൈകിട്ട് ചീഫ് ജസ്റ്റിസിനെയും മറ്റു ജസ്റ്റിസുമാരെയും കാണുന്നുണ്ട്. ഇവരുമായുള്ള ചർച്ചയ്ക്കു ശേഷം മാത്രമേ അന്തിമ തീരുമാനത്തിലെത്താൻ സാധിക്കൂവെന്നാണു കരുതുന്നത്.

അതിനിടെ, ബാർ കൗൺസിൽ പ്രതിനിധികൾ ചർച്ച നടത്തിയതിനു പിന്നാലെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, നാഗേശ്വർ റാവു എന്നിവർ ചെലമേശ്വറിന്റെ വസതിയിലെത്തിയിരുന്നു. തുടർനടപടികൾ‌ ചർച്ച ചെയ്യുന്നതിനാണ് ഇവരെത്തിയതെന്നാണു കരുതുന്നത്. ജസ്റ്റിസ് ബ്രിജിബാൽ ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

ജുഡീഷ്യറിയിലെ തര്‍ക്കം ജുഡീഷ്യറിക്കുളളില്‍തന്നെ പരിഹരിക്കപ്പെടുമെന്നാണ് സൂചന‍. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് ജൂനിയര്‍ ജഡ്ജിമാരായ അരുണ്‍ മിശ്രയും എം.എം.ശാന്തനഗൗ‍ഡറും തിങ്കളാഴ്ച പരിഗണിക്കില്ല. ശാന്തനഗൗഡര്‍ അവധിയെടുത്ത സാഹചര്യത്തില്‍ സിറ്റിങ് മാറ്റിയെന്നാണ് സുപ്രീംകോടതി റജിസ്ട്രാര്‍ പറയുന്നതെങ്കിലും മഞ്ഞുരുക്കുന്നതിന്‍റെ ഭാഗമാണിതെന്ന് വ്യക്തമാണ്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കൈമാറിയിട്ടുണ്ട്.

എന്നാല്‍, ഫുള്‍കോര്‍ട്ട് ചേരാതെതന്നെ ഇടഞ്ഞുനില്‍ക്കുന്ന ജഡ്ജിമാരുമായി മാത്രം സംസാരിച്ച് സമവായമുണ്ടാക്കാന്‍ ചീഫ് ജസ്റ്റിസ് ശ്രമിക്കുമെന്ന് സൂചനയുണ്ട്. ഇന്നും തിങ്കളാഴ്ച രാവിലെയുമായി ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആശയവിനിമയം നടത്തിയേക്കും. ജഡ്ജിമാര്‍ കോടതി സിറ്റിങ് നിര്‍ത്തിവച്ച് പ്രതിഷേധം പ്രകടിപ്പിക്കാനുളള അസാധാരണസാഹചര്യം ഏതുവിധേനയും ഒഴിവാക്കാനാണ് ശ്രമം.

ജഡ്ജിമാര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ ശ്രമിച്ചാലും വിപരീതഫലമാകും ഉണ്ടാകുക. ചീഫ് ജസ്റ്റിസിനെയും പ്രതിഷേധിച്ചു നില്‍ക്കുന്ന ജഡ്ജിമാരെയും കാണുമെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സമവായശ്രമങ്ങള്‍ തുടരുകയാണ്.

related stories