Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോയയുടെ മരണത്തിൽ സംശയങ്ങളില്ല; സംഭവം രാഷ്ട്രീയവൽക്കരിച്ചു: കുടുംബം

Justice Brijgopal Harkishan Loya

ന്യൂഡല്‍ഹി∙ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തെ രാഷ്ട്രീയവൽക്കരിച്ചതായി കുടുംബം. പിതാവിന്റെ മരണത്തിൽ യാതൊരു സംശയവുമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങൾ വേദനയുളവാക്കുന്നെന്നും മകന്‍ അനൂജ് ലോയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘എനിക്കൊരു സംശയവുമില്ല. നേരത്തേ ചില സംശയങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. അന്നെനിക്ക് 17 വയസ്സായിരുന്നു. വികാരവിക്ഷുബ്ധമായ സമയമായിരുന്നു അപ്പോൾ. എന്താണ് സംഭവിക്കുന്നതെന്ന് അന്നേരം മനസ്സിലായിരുന്നില്ല. പിതാവിന്റെ മരണത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ ദ്രോഹിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. കുടുംബാംഗങ്ങളെ പരിഭ്രാന്തരാക്കാനും നോക്കുന്നു. കുടുംബാംഗങ്ങളെ അവഹേളിക്കരുതെന്ന് മാത്രമാണ് എല്ലാവരോടും പറയാനുള്ളത്’– അനുജ് ലോയ വ്യക്തമാക്കി.

ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ എന്ന തന്റെ പിതാവിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് യാതൊരു പരാതിയുമില്ലെന്ന് അനുജ് ലോയ നേരത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ലോയയുടെ മരണം സംബന്ധിച്ച് ഇംഗ്ലിഷ് വാരിക തയാറാക്കിയ റിപ്പോർട്ട് വിവാദമായപ്പോഴായിരുന്നു വിശദീകരണം. ലോയയുടെ സഹോദരി ഡോ.അനുരാധ ബിയാനിയും പിതാവ് ഹർകിഷനും ഉന്നയിച്ച സംശയങ്ങൾ ആസ്പദമാക്കിയായിരുന്നു മാധ്യമ റിപ്പോർട്ട്.

സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരില്‍ വച്ചാണ് ദുരൂഹമായി മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്നാണ് ലോയ മരിച്ചതെന്ന് അന്നു രാവിലെ, ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതിയാണ് ലോയയുടെ പിതാവ് ഹര്‍കിഷനെ അറിയിച്ചത്. വിവാഹത്തിന് പോകാന്‍ താത്പര്യമില്ലാതിരുന്നിട്ടും, സഹപ്രവര്‍ത്തകരായ രണ്ട് ജഡ്ജിമാര്‍ നിര്‍ബസന്ധിച്ചാണ് ലോയയെ നാഗ്പുരിലേക്ക് കൊണ്ടുപോയത്. എന്നാല്‍ മരണവിവരം ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ലോയയുടെ സഹോദരിയും പിതാവും വാദിച്ചിരുന്നു.

ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ കേസിൽ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അമിത് ഷാ ഒക്ടോബർ 31നു കോടതിയിൽ ഹാജരാകാഞ്ഞതിനെ ലോയ വിമർശിച്ചിരുന്നു. ഡിസംബർ 15ലേക്കു കേസ് മാറ്റുകയും ചെയ്തു.

എന്നാൽ, നവംബർ 30ന് ലോയയ്ക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകരിൽ പൂർണവിശ്വാസമാണെന്ന് കോടതിയിൽ സമർപ്പിച്ച കത്തിൽ അനുജ് വ്യക്തമാക്കി. ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. മരണം അന്വേഷിച്ചവരുടെ ആത്മാർഥതയിൽ സംശയമില്ലെന്നും കത്തിൽ പറഞ്ഞു. സൊഹ്റാബുദീൻ കേസിൽ അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് മോഹിത് ഷാ ലോയയ്ക്ക് 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നും സഹോദരിയുടെ വെളിപ്പെടുത്തലുണ്ടായിരുന്നു.

ലോയ വിഷയം സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ വരെ തര്‍ക്കമായി വളര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മകന്‍ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത്. സുപ്രീം കോടതിയിൽ കാര്യങ്ങൾ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാർത്താസമ്മേളനം നടത്തിയത്. ലോയയുടേത് ഉൾപ്പെടെ പ്രധാന കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്‌റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങൾ സംബന്ധിച്ചാണു ജഡ്‌ജിമാർ മുഖ്യവിമർശനമുന്നയിച്ചത്.