Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യൂമേട്ടന്റെ തോളിലേറി ബ്ലാസ്റ്റേഴ്സ്; മുംബൈയിൽ മധുര പ്രതികാരം

ISL ഗോൾ നേടിയ ഇയാൻ ഹ്യൂമിന്റെ ആഹ്ലാദം. ചിത്രം: ഐഎസ്എൽ ട്വിറ്റർ

മുംബൈ∙ മഞ്ഞക്കടലൊരുക്കിയ ആരാധകരെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് മുംബൈയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചത്. കൊച്ചിയിൽ സമനിലയില്‍ തളച്ച മുംബൈയെ അവരുടെ ഹോം ഗ്രൗണ്ടിൽ തകർത്താണ് മഞ്ഞപ്പട പകരംവീട്ടിയത്. മുംബൈ സിറ്റി എഫ്സിക്കെതിരെ ഇയാൻ ഹ്യൂമാണ് വിജയഗോൾ നേടിയത്. 24–ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. മൂന്നാം ജയത്തോടെ എടികെയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കുയർന്നു. രണ്ടാം പകുതിയിൽ‌ ഗോൾ കണ്ടെത്താന്‍‌ വീണ്ടും ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

വിജയഗോൾ വന്ന വഴി

മാർകോസ് സിഫ്നിയോസിനെ ഫൗൾ ചെയ്തതിന് കേരളത്തിന് ലഭിച്ച കിക്കിലൂടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളെത്തിയത്. ആസൂത്രണത്തിന് നിൽക്കാതെ ശരവേഗത്തിൽ കിക്കെടുത്ത കറേജ് പെക്കൂസണ്‍ പന്ത് ഹ്യൂമിന് നൽകി. മുംബൈയുടെ പ്രതിരോധത്തിന് സാധ്യതകൾ നൽകാതെ പന്ത് വലയിലെത്തിച്ച് ഹ്യൂം ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. ഗോൾ അനുവദിക്കാതിരിക്കുന്നതിന് മുംബൈ താരങ്ങൾ തർക്കിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല. വീണ്ടും ഹ്യൂമേട്ടന്റെ തോളിലേറി ബ്ലാസ്റ്റേഴ്സ് മുന്നിൽ.

ഗോളില്ലാതെ രണ്ടാം പകുതി

ആദ്യ പകുതിയിലേറ്റ പ്രഹരത്തിന് മറുപടി നൽകാൻ തീരുമാനിച്ചിറങ്ങിയ മുംബൈയ്ക്ക് പ്രതിരോധക്കോട്ട കെട്ടിനിന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെ മറികടക്കാനായില്ല. ഭാഗ്യവും തുണച്ചതോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ജയത്തിലേക്ക് നടന്നടുത്തു. മുംബൈയ്ക്കായി എമാനയുടെ ഗോൾ ശ്രമം വലയിലെത്തിയെങ്കിലും റഫറി ഗോളനുവദിച്ചില്ല. എമാനയ്ക്കെതിരെ റഫറി ഓഫ് സൈഡ് ഫ്ലാഗുയർത്തുകയായിരുന്നു. രണ്ടാം പകുതിയിൽ‌ കറേജ് പെക്കൂസനും സി.കെ.വിനീതിനും അവസരങ്ങൾ ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ ഉണ്ടായില്ല.

ISL പന്തുമായി മുന്നേറുന്ന ജാക്കീചന്ദ് സിങ്.ചിത്രം– വിഷ്ണു.വി.നായർ

63–ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം കറേജ് പെക്കൂസൺ‌ പാഴാക്കി. പന്തെടുത്ത് മുന്നേറിയ പെക്കൂസൺ പന്ത് ഗോൾ പോസ്റ്റിന് ഏറെ മുകളിലൂടെ പുറത്തേക്ക് അടിച്ചു കളയുകയായിരുന്നു. വിനീതിനെ പലകുറി ഗ്രൗണ്ടിൽ വീഴ്ത്തി മുംബൈ താരങ്ങൾ കടുത്ത പ്രതിരോധമാണ് രണ്ടാം പകുതിയിൽ തീർത്തത്. വിനീതിനെതിരായ ഫൗളിൽ കിക്കെടുത്ത ഹ്യൂമിന്റെ ഗോളെന്നുറച്ച ഷോട്ട് മുംബൈ ഗോൾകീപ്പർ തട്ടിയകറ്റി. റിനോ ആന്റോയുടെ പകരക്കാരനായെത്തിയ ലാസിക് പെസിച്ച് വെസ് ബ്രൗണിനും സന്ദേശ് ജിങ്കാനുമൊപ്പം പ്രതിരോധം കാത്തതോടെ മുംബൈയുടെ സമനില ഗോൾ മോഹങ്ങൾ അസ്ഥാനത്തായി.

ISL ബ്ലാസ്റ്റേഴ്സ്– മുംബൈ സിറ്റി മൽസരത്തിനിടെ.ചിത്രം– വിഷ്ണു.വി.നായർ

ഗ്രൗണ്ടിൽ പലകുറി പരുക്കുകൾ മൂലം അസ്വസ്ഥനായ ഗോളി സുഭാശിഷ് റോയി പക്ഷെ മുംബൈ താരങ്ങളുടെ ഷോട്ടുകൾക്ക് മുന്നിൽ പതറാതെ നിന്നു. അവസാന മിനിറ്റുകളിൽ പന്തു കൈവശംവച്ച് കളിച്ചതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുകയായിരുന്നു. തോല്‍വി വഴങ്ങിയെങ്കിലും ഗോൾ ശരാശരിയിൽ ബ്ലാസ്റ്റേഴ്സിനു തൊട്ടുമുകളിലായി അഞ്ചാം സ്ഥാനത്താണ് മുംബൈ. 17ന് ജാംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം.

ISL മാർക് സിഫ്നിയോസിനെ തടയാനുള്ള മുംബൈ താരത്തിന്റെ ശ്രമം.ചിത്രം– വിഷ്ണു.വി.നായർ