Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിവരാസനം പുരസ്‌കാരം കെ.എസ്.ചിത്രയ്ക്ക് മന്ത്രി കടകംപള്ളി സമ്മാനിച്ചു

KS-Chitra ഹരിവരാസനം പുരസ്‌കാരം ഗായിക കെ.എസ്.ചിത്രയ്ക്കു സന്നിധാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു.

ശബരിമല∙ മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ നൽകുന്ന ഹരിവരാസനം പുരസ്‌കാരം ഗായിക കെ.എസ്.ചിത്രയ്ക്കു സന്നിധാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. മലയാളത്തിന്റെ ഓമനപ്പുത്രിയും സ്വകാര്യ അഹങ്കാരവുമായ ചിത്ര, യേശുദാസിനൊപ്പം ചേർത്തുവെക്കാവുന്ന അതുല്യ ഗായികയാണെന്നും ഹരിവരാസനം പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയാണെന്നും മന്ത്രി പറഞ്ഞു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണിതെന്ന് മറുപടി പ്രസംഗത്തിൽ ചിത്ര പറഞ്ഞു. മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി അയ്യപ്പ ദർശനം നടത്തിയാണ് ചിത്ര പുരസ്‌കാരം സ്വീകരിക്കാനെത്തിയത്.  ശ്രീധർമശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജു എബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. ബി.അജയകുമാർ പ്രശസ്തി പത്രം വായിച്ചു. പുരസ്‌കാരം സ്വീകരിച്ച ശേഷം ചിത്ര നടത്തിയ ഗാനാർച്ചന തീർഥാടകർക്ക് വിരുന്നായി.

ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് എസ്.സിരിജഗൻ മുഖ്യപ്രഭാഷണം നടത്തി. റിട്ട.ജസ്റ്റിസ് അരിജിത് പസായത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് അംഗം കെ.പി.ശങ്കരദാസ്, കമ്മിഷണർ സി.പി.രാമരാജപ്രേമ പ്രസാദ്, നടൻ ജയറാം എന്നിവർ സംസാരിച്ചു.

വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കും: കടകംപള്ളി

ശബരിമലയിൽ 305 കോടിയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല ഉന്നതാധികാര സമിതിയെ സജീവമാക്കിയതായും ഉപദേശക സമിതി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.

മകരസംക്രമാഭിഷേകത്തിന് ഇത്തവണ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽനിന്നുള്ള നെയ്യ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. മുൻ വർഷങ്ങളിൽ കവടിയാർ കൊട്ടാരത്തിൽനിന്നുള്ള നെയ്യിനൊപ്പം മറ്റുള്ളവർ നൽകുന്നതും ഉപയോഗിച്ചിരുന്നു.

കഴിഞ്ഞ 26 വർഷമായി നെയ്ത്തേങ്ങയുമായി കന്നി അയ്യപ്പനെ കൊണ്ടുവരുന്ന തിരുവനന്തപുരം സ്വദേശി രാമനാഥൻ ഗുരുസ്വാമി, കന്നി അയ്യപ്പൻ വിഘ്നേശ്വരൻ എന്നിവരാണ് കവടിയാർ കൊട്ടാരത്തിൽനിന്നുള്ള നെയ്യ്  എട്ട് നെയ്ത്തേങ്ങകളിൽ നിറച്ച് സന്നിധാനത്ത് എത്തിച്ചത്.