Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയോടു സ്നേഹമില്ലെങ്കിൽ കോടിയേരി ചൈനയിലേക്കു പോകണം: കുമ്മനം

kodiyeri-kummanam-sudheeran

തിരുവനന്തപുരം ∙ മാതൃരാജ്യത്തെ സ്നേഹിക്കാനാവില്ലെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൈനയിലേക്കു പോകുന്നതാണു നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കുമ്മനം.

കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികൾക്ക് കുട പിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണം. മാതൃരാഷ്ട്രത്തെ സ്നേഹിക്കാൻ ആവില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയാറാകണം. ചൈനാ ഭക്തൻമാരായ കോടിയേരിയെപ്പോലുള്ളവർക്ക് അതാണ് നല്ലതെന്നും കുമ്മനം പറഞ്ഞു.

ഇന്ത്യ-ചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണ്. രാജ്യം പാക്കിസ്ഥാനിൽ നിന്നുള്ളതിനേക്കാൾ  ഭീഷണി ചൈനയിൽനിന്നാണ് നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി വെളിപ്പെടുത്തിയത്. അതിനാൽ ഇന്ത്യൻ സൈന്യം ചൈനാ അതിർത്തിയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്‍റെ സംസ്ഥാന സെക്രട്ടറി ശത്രുരാജ്യത്തിനു വേണ്ടി സംസാരിക്കുന്നത്. 1962 ലെ ഇന്ത്യ- ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സിപിഎം. അന്നുതന്നെ സിപിഎമ്മിനെ നിരോധിക്കേണ്ടതായിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിനു ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവയ്ക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയതെന്നു കുമ്മനം പറഞ്ഞു. അകത്തുനിന്ന് രാജ്യത്തെ ശിഥിലീകരിക്കാനാണ് എന്നും കമ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യമാർഗം ഇന്ത്യൻ കമ്യൂണിസ്റ്റുകള്‍ സ്വീകരിച്ചതു പോലും അതിനു വേണ്ടിയായിരുന്നു.

ചോറിങ്ങും കൂറങ്ങുമെന്ന നിലപാട് ഇത്രകാലമായിട്ടും കമ്യൂണിസ്റ്റ് പാർട്ടികള്‍ ഉപേക്ഷിച്ചില്ലെന്ന് ഇതോടെ വ്യക്തമായി. രാജ്യത്തിനു വേണ്ടി പോരാടി മരിച്ച വീരസൈനികരെ കോടിയേരി അവഹേളിക്കുകയാണ്. നേരത്തേ സൈനികരുടെ ധാർമികതയെ ചോദ്യം ചെയ്തും കോടിയേരി രംഗത്തെത്തിയിരുന്നു.

ഏകാധിപത്യ രാജ്യങ്ങളായ ഉത്തര കൊറിയയെയും ചൈനയെയും കോടിയേരിയും പിണറായി വിജയനും പ്രകീർത്തിക്കുന്നത് ജനാധിപത്യത്തിൽ തരിമ്പും വിശ്വാസമില്ലാത്തതിനാലാണ്. സ്വേച്ഛാധിപതികളെ ആദർശ പുരുഷൻമാരായി കാണുന്ന ഈ നേതാക്കള്‍ വോട്ടിനു വേണ്ടിയാണ് കപടവേഷം അണിയുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.