Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനെട്ടുമലകളും കൂപ്പുകൈയായി; ഭക്തലക്ഷങ്ങൾ മകരജ്യോതി തൊഴുതു

Makarajyoti2 പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി തൊഴുന്ന അയ്യപ്പഭക്തർ. (ടിവി ദൃശ്യം)

ശബരിമല ∙ ഒരുനിമിഷം... ഒരൊറ്റ നിമിഷം.... ആ നിമിഷത്തിൽ ആ ജ്യോതി തെളിഞ്ഞ് അപ്രത്യക്ഷമായെങ്കിലും ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് അപ്പോഴേക്കും അതു ദീപം പകർന്നു കഴിഞ്ഞിരുന്നു. കാട്ടിൽ കറുപ്പിന്റെ കടൽ പോലെ പരന്നുകിടന്ന പുരുഷാരം അപ്പോൾ ഒരു തിരമാല കണക്കെ ആർത്തുപൊന്തി.... ‘‘സ്വാമിയേ ശരണമയ്യപ്പാ...’’ രാവും പകലുമില്ലാതെ മണിക്കൂറുകൾ കാത്തുനിന്നതും ഈ ഒരു നിമിഷത്തിനായിരുന്നു. കാറ്റിരമ്പം പോലെ മാത്രം കേട്ടിരുന്ന ശരണമന്ത്രം ജ്യോതി തെളിഞ്ഞ നിമിഷം കൊടുങ്കാറ്റായി. പൊന്നമ്പലമേട്ടിൽ ജ്യോതി; താഴെ കൂപ്പുകൈകളും ശരണമന്ത്രങ്ങളും.

Sabarimala3 പൊന്നമ്പലമേട്ടിലെ മകരജ്യോതി തൊഴാനെത്തിയ ഭക്തർ. ചിത്രം: അരവിന്ദ് ബാല

ശ്രീകോവിലിൽ കാനനവാസന് ദീപാരാധന നടക്കുമ്പോൾ, സന്ധ്യയ്ക്കു 6.45ന് അയ്യപ്പന്മാർക്കു കാനനമൊരുക്കിയ ദീപാരാധന പോലെ കിഴക്കു പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. പിന്നെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടു തവണ കൂടി ആ ജ്യോതി മിന്നിത്തെളിഞ്ഞു. സ്വാമിമാരായി വന്നു സ്വാമിയെ കണ്ടു തൊഴുതവർ പിന്നെ കാടിറങ്ങി, മലയിറങ്ങി; ഇനി എന്നും സ്വാമിയായി തന്നെ മുന്നോട്ടുപോകാനുള്ള തെളിച്ചവുമായി. വൻ തിരക്കായിരുന്നു ഇക്കുറിയും മകരവിളക്കു കണ്ടു തൊഴാൻ. ദൂരദിക്കുകളിൽ നിന്നു ദിവസങ്ങൾക്കു മുൻപേ വന്നെത്തി കാത്തിരുന്നവരും ഏറെ.

Sabarimala2 പൊന്നമ്പലമേട്ടിലെ മകരജ്യോതി തൊഴാനെത്തിയ ഭക്തർ. ചിത്രം: അരവിന്ദ് ബാല

രാവിലെ മുതൽ സന്നിധാനത്തു തിരക്കു തുടങ്ങിയിരുന്നു. ഇത്തവണ ഉച്ചയ്ക്കായിരുന്നു മകര സംക്രമപൂജ. ഉച്ചപൂജ കഴിഞ്ഞതോടെ പതിനെട്ടാം പടിയിലൂടെ ഭക്തരുടെ വരവ് തടഞ്ഞു. വൈകിട്ട് അഞ്ചിനു നട തുറന്നു. അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം സ്വീകരിക്കാനായി വൈകിട്ട് 5.10ന് ദേവസ്വം പ്രതിനിധികൾ ശരംകുത്തിയിലേക്കു തിരിച്ചതോടെ സന്നിധാനം തിരുവാഭരണവും മകരവിളക്കും കാണാനുള്ള തയാറെടുപ്പുകളിലായി. കാത്തിരിപ്പിന്റെ ക്ഷീണം വിട്ട് ഭക്തർ കൂപ്പുകൈകളുമായി എഴുന്നേറ്റു നിന്നു. ശരണംവിളികൾ മുഴങ്ങിത്തുടങ്ങി. മാനത്തു കൃഷ്ണപ്പരുന്തിനെ കണ്ടപ്പോൾ ആ ശരണമന്ത്രത്തിനു ശബ്ദം കൂടി. കണ്ണുകൾ പിന്നെ കാത്തുനിന്നതു തിരുവാഭരണത്തിന്. അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള പേടകം എത്തിയപ്പോൾ അയ്യപ്പനെ കണ്ടു തൊഴുതവരും കാണാൻ കാത്തുനിൽക്കുന്നവരും കണ്ണുകളിൽ ആ ആഭരണപ്രഭയണിഞ്ഞു.

Sabarimala പൊന്നമ്പലമേട്ടിലെ മകരജ്യോതി തൊഴാനെത്തിയ ഭക്തർ. ചിത്രം: അരവിന്ദ് ബാല

തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയപ്പോൾ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. കിഴക്കൻ ചക്രവാളത്തിൽ അപ്പോൾ മകരനക്ഷത്രം ഉദിച്ചു. കൂപ്പുകൈകൾ ഇറുക്കി കണ്ണിമയ്ക്കാതെ കാത്തിരിപ്പ്. നിമിഷങ്ങൾക്കകം ജ്യോതി തെളിഞ്ഞപ്പോൾ കടലല ഇളകും കണക്കെ ജനസഹസ്രത്തിന്റെ ശരണം വിളി. കാഴ്ചയുടെ നിറവിൽ ചില കണ്ണുകൾ ഈറനണി​ഞ്ഞു. നിറഞ്ഞ മനസോടെ കാത്തിരിപ്പിനു വിരാമം. പതിനെട്ടാംപടി തുറന്നതോടെ വീണ്ടും അണ മുറിയാത്ത പ്രവാഹം. പിന്നെ, സന്നിധാനത്ത് പുഷ്പാഭിഷേകവും അത്താഴപൂജയും. മാളികപ്പുറത്ത് എഴുന്നള്ളത്തും.

Sabarimala1

ഇനി 17 വരെ ശബരിമലയിൽ തിരുവാഭരണഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴാം. 18 ാം തീയതി വരെ നെയ്യഭിഷേകം നടക്കും. 19 ന് മാളികപ്പുറത്തു ഗുരുതി. അന്നു വരെയാണ് ഭക്തർക്കു ദർ‍ശനത്തിന് അവസരം. 20 നു രാവിലെ ഏഴിന്, രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം നടയടയ്ക്കും. അന്ന് രാജപ്രതിനിധിക്കു മാത്രമേ ദർശനത്തിന് അവകാശമുള്ളൂ. അതോടെ ഈ വർഷത്തെ മണ്ഡല- മകരവിളക്കു തീർഥാടനത്തിനു സമാപ്തിയാകും.

Makarajyoti മകരജ്യോതി. ടിവി ദൃശ്യം
Makarajyoti1