Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസ് ഇടപെടുന്നു; സുപ്രീംകോടതിയിലെ പ്രതിസന്ധി അയയുന്നു

SC Judges

ന്യൂഡൽഹി∙ സുപ്രീം കോടതിയിലെ പ്രതിസന്ധി തിങ്കളാഴ്ച രാവിലെ സിറ്റിങിന് മുൻപ് പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബാർ കൗൺസിൽ പ്രതിനിധികൾ ചർച്ച നടത്തും ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡേയും എല്‍.നാഗേശ്വര്‍ റാവുവും പങ്കെടുക്കും. പ്രതിഷേധിച്ച ജഡ്ജിമാരുമായും ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.പ്രതിനിധികള്‍ മുഖേനയാകും ആദ്യഘട്ട ചര്‍ച്ച.

കോടതി നടപടികൾ തടസ്സപ്പെടില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതികരണം നടത്തിയ ജസ്റ്റിസ് ജെ.ചെലമേശ്വർ ബാർ കൗൺസിൽ അംഗങ്ങളെ അറിയിച്ചിരുന്നു. ബാർ കൗൺസിൽ ചെയർമാൻ എം.കെ.മിശ്രയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജസ്റ്റിസ് ചെലമേശ്വറിനെ കണ്ടത്. വിമർശനങ്ങളിൽ ഉറച്ചു നിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നു വ്യക്തമായ പ്രതികരണമുണ്ടായിട്ടില്ല. മറ്റു മൂന്ന് ജഡ്ജിമാരുമായി ചർച്ച ചെയ്ത ശേഷമേ തുടർനടപടി തീരുമാനിക്കാനാകൂവെന്നും ചെലമേശ്വർ ബാർ കൗൺസിൽ അംഗങ്ങളോട് പറഞ്ഞു. 

തൊട്ടുപിന്നാലെയാണ് ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെയും എൽ.നാഗേശ്വർ റാവുവും ജസ്റ്റിസ് ചെലമേശ്വറിനെ കാണാനെത്തിയത്. ഫുൾ കോർട്ട് ചേരാതെ തന്നെ പ്രശ്നം പരിഹരിക്കാനാണു നീക്കം. സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട പ്രത്യേക സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മുതിർന്ന ജഡ്ജിമാരുൾപ്പെട്ട ബെഞ്ചിന് വിട്ട് താൽക്കാലിക പരിഹാരം കാണാനാണു ശ്രമം. ചീഫ് ജസ്റ്റിസ് ദീപക്മിശ്രയും വാര്‍ത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരും തിങ്കളാഴ്ച രാവിലെ ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. 

അതിനിടെ, ബി.എച്ച്.ലോയയുടെ മരണത്തെ രാഷ്ട്രീയവൽക്കരിച്ചതായും പിതാവിന്റെ മരണത്തിൽ യാതൊരു സംശയവുമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങൾ വേദനയുളവാക്കുന്നെന്നും മകന്‍ അനൂജ് ലോയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോയയുടെ മരണത്തിന്റെ പേരിൽ കുടുംബാംഗങ്ങളെ അവഹേളിക്കരുതെന്നും അനൂജ് ലോയ പറഞ്ഞു. അതിനിടെ, പ്രതിഷേധമുയർത്തിയ ജഡ്ജിമാരെ പിന്തുണച്ച് വിരമിച്ച ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് കത്തയച്ചു. 

ലോയ വിഷയമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കത്തിന് ഒരു കാരണം. സുപ്രീം കോടതിയിൽ കാര്യങ്ങൾ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാർത്താസമ്മേളനം നടത്തിയത്. ലോയയുടേത് ഉൾപ്പെടെ പ്രധാന കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്‌റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങൾ സംബന്ധിച്ചാണു ജഡ്‌ജിമാർ മുഖ്യവിമർശനമുന്നയിച്ചത്.

related stories