Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിവിന്റേത് കസ്റ്റഡി മരണം, പൊലീസ് കള്ളത്തെളിവുണ്ടാക്കി: ജസ്റ്റിസ് നാരായണക്കുറുപ്പ്

sreejith-narayanakurup

തിരുവനന്തപുരം∙ ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പൊലീസ് കംപ്ലയിന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കസ്റ്റഡി മരണം മറച്ചുവയ്ക്കാന്‍ പൊലീസ് കള്ളത്തെളിവുണ്ടാക്കി. അന്നുപറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും നാരായണക്കുറുപ്പ് വ്യക്തമാക്കി.

ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനു പിന്നാലെയാണു നാരായണക്കുറിപ്പിന്റെ പ്രതികരണം വന്നത്. ശ്രീജിത്തിന് പിന്തുണ അറിയിച്ച് സമൂഹമാധ്യമ കൂട്ടായ്മകൾ സമരപ്പന്തലിൽ എത്തിയിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ ഇവർ പ്രകടനവും നടത്തി. നടൻ ടൊവിനോ തോമസ് ഉൾപ്പെടെയുള്ളവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീജിത്തിന്റെ സമരം 765 ദിവസം പിന്നിട്ട സാഹചര്യത്തിൽ, ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് കത്തുനല്‍കാന്‍ തീരുമാനിച്ചിരുന്നു. ശ്രീജിത്തിന്റെ ആവശ്യം നേരത്തെ സിബിഐ തള്ളിയിരുന്നു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ രേഖാമൂലം അറിയിക്കുകയായിരുന്നു.

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സിബിഐ നിലപാട് പുന:പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ശ്രീജിത്തിനോട് അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി ശ്രീജിവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.

ശ്രീജിത്തിന്‍റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര പേഴ്സനല്‍ മന്ത്രാലയം നിരസിച്ചു. 2014ല്‍ ആണ് ശ്രീജിത്തിന്‍റെ സഹോദരന്‍ കസ്റ്റഡിയില്‍ മരണപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി ഒന്നും സ്വീകരിച്ചില്ല. ശ്രീജിത്തിന്‍റെ പരാതിയിൽ 2016 മേയ് 17ന് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഉത്തരവ് പരിശോധിച്ചു. സെപ്തംബര്‍ മൂന്നിന് ആഭ്യന്തര വകുപ്പ് നടപടിക്ക് നിര്‍ദേശം നല്‍കി ഉത്തരവിറക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories