Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സഹോദരനൊപ്പം നിൽക്കാൻ നാടൊരുമിച്ചെത്തി; ശ്രീജിത്തിന് പിന്തുണയുമായി ടൊവിനോയും

Sreejith-protest സഹോദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായെത്തിയ ടൊവിനോ തോമസ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം ∙ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. സമരം 765–ാം ദിവസത്തിലേക്കു കടക്കുമ്പോളാണ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രചാരണം ശക്തമായത്. നൂറുകണക്കിനു യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി.

എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയാണ് ടൊവിനോ എത്തിയത്. രാഷ്ട്രീയ സംഘടനകളുടെ ഭാഗമായവർ പോലും അവയുടെ പിൻബലമില്ലാതെയാണ് ശ്രീജിത്തിനു പിന്തുണ നൽകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരൻ തുടങ്ങിയ നേതാക്കൾ ശ്രീജിത്തിനെ കണ്ടിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

People in Trivandrum to support Sreejith ശ്രീജിത്തിനു പിന്തുണയുമായെത്തിയ സമൂഹമാധ്യമ കൂട്ടായ്മ അംഗങ്ങൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്. തുടര്‍ച്ചയായ സമരവും നിരാഹാരവും മൂലം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട്.

അതിനിടെ ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

related stories