Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു

തോട്ടുമുഖത്തു കവർച്ചയ്ക്ക് ഉപയോഗിച്ചതെന്നു കരുതുന്ന വാക്കത്തി പൊലീസ് കണ്ടെടുത്തപ്പോൾ. തോട്ടുമുഖത്തു കവർച്ചയ്ക്ക് ഉപയോഗിച്ചതെന്നു കരുതുന്ന വാക്കത്തി പൊലീസ് കണ്ടെടുത്തപ്പോൾ.

ആലുവ∙ നാട്ടുകാരെ ഭീതിയിലാഴ്ത്തി എറണാകുളത്ത് വീണ്ടും വൻ മോഷണം. ആലുവ തോട്ടുമുഖത്തു വീടു കുത്തിത്തുറന്നു 100 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും കവർന്നു. മഹിളാലയം കവലയിലെ റോയൽ കാസിൽ ഫ്ലാറ്റിനു സമീപം പടിഞ്ഞാറെപ്പറമ്പിൽ അബ്ദുല്ലയുടെ വീട്ടിലാണു സംഭവം. പകൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ മലപ്പുറത്തു പോയിരിക്കുകയായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴാണു പിന്നിലെ പൂട്ടിയിട്ട വാതിലിന്റെ താഴു തകർത്ത നിലയിൽ കണ്ടത്.

ആലുവ തോട്ടുമുഖത്തു വൻ കവർച്ച നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു. ആലുവ തോട്ടുമുഖത്തു വൻ കവർച്ച നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു.

കവർച്ചയ്ക്ക് ഉപയോഗിച്ചതെന്നു കരുതുന്ന വാക്കത്തിയും പിക്‌ആക്സും വീടിനുള്ളിൽനിന്നു പൊലീസ് കണ്ടെടുത്തു. സ്വർണവും പണവും കിടപ്പുമുറിയിലെ സ്റ്റീൽ അലമാരയിലാണു സൂക്ഷിച്ചിരുന്നത്. അതിന്റെ പൂട്ടു പൊളിച്ചനിലയിലാണ്. വീടിനകം മുഴുവൻ പരിശോധിച്ചതിന്റെ സൂചനയുണ്ട്. സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പെരുമ്പാവൂർ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സ്റ്റുഡന്റ്സ് കോർണർ ബുക് സ്റ്റാൾ ഉടമയാണ് അബ്ദുല്ല. വിവാഹാവശ്യത്തിനു കഴിഞ്ഞ ദിവസം ബാങ്ക് ലോക്കറിൽനിന്ന് എടുത്തതാണ് ആഭരണങ്ങളെന്നു വീട്ടുകാർ പൊലീസിനോടു പറഞ്ഞു.

വൻകവർച്ചകളുടെ ഓർമയിൽ ആലുവ
നഗരത്തെ ഞെട്ടിച്ച 300 പവൻ കവർച്ച നടന്നിട്ടു നാലു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഇന്നലെ തോട്ടുമുഖത്തു നിന്നു 100 പവനും ഒരു ലക്ഷം രൂപയും മോഷണം പോയത്.

സമീപകാലത്ത് ആലുവയിൽ നടന്ന രണ്ടാമത്തെ വലിയ കവർച്ചയാണിത്. 2014 ഫെബ്രുവരി ഒന്നിനാണ് പുളിഞ്ചോട് കട്ടക്കയത്ത് പൈജാസ് ഇബ്രാഹിമിന്റെ വീട്ടിൽ നിന്നു 300 പവന്റെ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും റോളക്സ് വാച്ചും എൽസിഡി ടിവിയും അടക്കം 85 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചത്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അടുക്കള വാതിൽ പൊളിച്ചാണ് അവിടെ മോഷ്ടാക്കൾ അകത്തു കടന്നത്. എട്ടു മാസം കഴിഞ്ഞപ്പോൾ കേസന്വേഷണം ലോക്കൽ പൊലീസിൽ നിന്നു ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതികളെ പിടികൂടാനോ തൊണ്ടി കണ്ടെടുക്കാനോ കഴിഞ്ഞിട്ടില്ല.

ആലുവ മേഖലയിൽ കവർച്ച വർധിച്ചതായി പരാതി ഉയർന്നതിനെ തുടർന്നു രണ്ടാഴ്ച മുൻപു തോട്ടുമുഖം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റസി‍ഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പൊലീസ് രാത്രികാല റോന്തുചുറ്റൽ നടത്തിയിരുന്നു.

related stories