Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സഹോദരന്റെ പോരാട്ടം ഫലം കാണുന്നു; ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും

Sreejith ശ്രീജിത്ത് സമരത്തിനിടെ. ചിത്രം: മനോജ് ചേമഞ്ചേരി

ന്യൂഡൽഹി∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കാൻ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത ദിവസം ഇറങ്ങും. പൊതുപരാതി പരിഹാര വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിങ്ങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം ചർച്ച ചെയ്തു. ഇതോടെ ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് എഴുനൂറിലേറെ ദിവസങ്ങളായി നടത്തുന്ന പോരാട്ടത്തിനാണു ഫലം കാണുന്നത്. ശ്രീജിത്തിനൊപ്പം മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്മയും ഒത്തുചേർന്നതോടെയാണ് സിബിഐ അന്വേഷണത്തിലേക്ക് തീരുമാനങ്ങളെത്തിയിരിക്കുന്നത്.

അതേസമയം, സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുമെന്ന് ശ്രീജിത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞിരുന്നു. മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചതിൽ സന്തോഷമുണ്ട്. സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകിയിട്ടുമുണ്ട്. എന്നാൽ മുഖ്യമന്ത്രിയിൽ നിന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വ്യക്തമായ ഉറപ്പു ലഭിച്ചിട്ടില്ല. സമരത്തിന്റെ ആവശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സിബിഐ സംഘം വരുന്നതിന്റെ ഉറപ്പു ലഭിക്കും വരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.

ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

അതേസമയം ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ‘ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാവിധ പിന്തുണയും ശ്രീജിത്തിന് നൽകും. ഇക്കാര്യം ശ്രീജിത്തുമായുള്ള ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു. ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയർത്തുന്ന പ്രശ്നത്തെയും വികാരത്തെയും മതിക്കുന്നതാണ്; അതിനനുസരിച്ച് പ്രവർത്തിക്കുന്നതാണ് ശരി എന്ന ബോധ്യമുണ്ട്. ആ ബോധ്യത്തിനനുസരിച്ച് പ്രവർത്തിക്കും’–മുഖ്യമന്ത്രി കുറിച്ചു.

അതിനിടെ മുഖ്യമന്ത്രി അറ്റോർണി ജനറലുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്നു കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പുനഃപരിശോധനാ ഹർജി നൽകിയതിനെത്തുടർന്ന് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ശ്രീജിത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച കാര്യങ്ങളും എജിയുമായി ചർച്ച ചെയ്തു.

അന്വേഷണം ഉറപ്പാക്കും

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ഉറപ്പാക്കുമെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മന്ത്രി ജിതേന്ദ്ര സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉറപ്പുനൽകിയതായി എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും അറിയിച്ചു.

എന്നാൽ, സിബിഐ അന്വേഷണം തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ഉറപ്പു ലഭിച്ചതുകൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. സഹോദരൻ ശ്രീജിവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 766 ദിവസം പിന്നിട്ടു. ശ്രീജിത്തിനു പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മകളും താരങ്ങളും രാഷ്ട്രീയക്കാരും രംഗത്തെത്തിയിരുന്നു.

ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സമൂഹമാധ്യമ കൂട്ടായ്മകൾ തീരുമാനിച്ചിരിക്കേയാണ് വഴിത്തിരിവുണ്ടായത്. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രകടനം നടന്നിരുന്നു.

ശ്രീജിത്തിന്റെ അമ്മ ഗവര്‍ണറെ കണ്ടു

ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സിബിഐ അന്വേഷണത്തിനുള്ള പിന്തുണ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി അവര്‍ പറഞ്ഞു. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് 2014 മുതലുള്ള മുഴുവന്‍ രേഖകളും ബുധനാഴ്ച നല്‍കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.