Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോയയുടെ മരണം: പരാതിയില്ലെന്നു മകൻ പറഞ്ഞത് സമ്മർദ്ദത്തിൽ; അന്വേഷണം വേണമെന്ന് ബന്ധു

ലോയയുടെ മകൻ അനുജ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ. ലോയയുടെ മകൻ അനുജ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ.

മുംബൈ∙ പരാതികൾ നിലയ്ക്കാതെ ജസ്റ്റിസ് ലോയ വധക്കേസ്. അച്ഛന്റെ മരണം സംബന്ധിച്ച് തനിക്ക് യാതൊരു സംശയവുമില്ലെന്ന് ലോയയുടെ മകൻ അനുജ് പറഞ്ഞതിനു പിന്നാലെ പരാതിയുമായി മറ്റൊരു ബന്ധുവാണ് രംഗത്തെത്തിയത്. ലോയയുടെ അമ്മാവൻ ശ്രീനിവാസ് ആണ് അനുജിന്റെ പ്രസ്താവന സമ്മർദ്ദം കൊണ്ടാകാമെന്ന വെളിപ്പെടുത്തൽ നടത്തിയത്. ‘കാരവൻ’ മാസികയോടായിരുന്നു ശ്രീനിവാസിന്റെ വെളിപ്പെടുത്തൽ.

നേരത്തേ ഇതേ മാസികയ്ക്ക് ലോയയുടെ സഹോദരി നൽകിയ അഭിമുഖമാണ് വിവാദമായത്. ലോയയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നായിരുന്നു അന്ന് സഹോദരി പറഞ്ഞത്. സംശയാസ്പദമായ പല കാര്യങ്ങളും പുറംലോകത്തെത്തിയതും അങ്ങനെയായിരുന്നു. ഇക്കാര്യം അതിനു പിന്നാലെത്തന്നെ അനുജ് നിഷേധിച്ചു. ലോയയ്ക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തരും സംഭവത്തിൽ അസ്വാഭാവികതയില്ലെന്നു വെളിപ്പെടുത്തി.

Justice Brijgopal Harkishan Loya

എന്നാൽ അനുജിനു 18 വയസ്സു തികഞ്ഞതേയുള്ളൂവെന്നും  മറ്റുള്ളവരിൽ നിന്നുള്ള സമ്മർദ്ദമായിരിക്കാം പ്രശ്നമെന്നും ശ്രീനിവാസ് വ്യക്തമാക്കി. അനുജിന്റെ മുൻകാല പ്രസ്താവനകൾ നോക്കിയാൽ ലോയയുടെ മരണത്തിൽ അന്വേഷണം അനിവാര്യമാണ്. ബന്ധു എന്നതിനേക്കാളും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം എന്താണെന്നു ചോദിച്ചാലും ലോയയുടെ മരണത്തിൽ നിയമ നടപടികളുമായി സുപ്രീംകോടതി മുന്നോട്ടു പോകണമെന്നാണ് അഭിപ്രായമെന്നും ശ്രീനിവാസ് പറഞ്ഞു.

ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് കോടതിയിൽ പരിഗണിച്ച സമയത്താണ് സിബിഐ സ്പെഷൽ ജഡ്ജി ബി. എച്ച്.ലോയ മരിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ കേസിൽ വിചാരണ നടക്കുന്നതിനിടെ 2014 ഡിസംബർ ഒന്നിനു പുലർച്ചെയായിരുന്നു നാഗ്പുരിലെ സർക്കാർ അതിഥി മന്ദിരത്തിൽ ലോയയുടെ മരണം.

ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചതും ബന്ധുക്കളെ അറിയിക്കാതെ പോസ്റ്റുമോർ‌ട്ടം നടത്തിയതും മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നതുമെല്ലാം ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന സംശയങ്ങളിൽപ്പെടുന്നു. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന അമിത് ഷായോടു ഡിസംബർ 15ന് ഹാജരാകണമെന്നു കർശന നിർദേശം നൽകിയിരിക്കെയായിരുന്നു ജഡ്ജിയുടെ മരണം.

related stories