Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിയായ അർഥത്തിൽ മോദി ‘വിപ്ലവകാരിയായ നേതാവ്’: ഇസ്രയേൽ പ്രധാനമന്ത്രി

Narendra-Modi-Benjamin-Netanyahu ഇന്ത്യൻ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നരേന്ദ്ര മോദിക്കൊപ്പം.

ന്യൂഡൽഹി ∙ ഏറ്റവും ശരിയായ അർഥത്തിൽ ‘വിപ്ലവകാരിയായ നേതാവാ’ണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. മോദിയുമായി ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചകൾക്കു ശേഷം മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയെ ‘വിപ്ലവകാരിയായ നേതാവ്’ എന്നു വിശേഷിപ്പിച്ചത്. ആറു ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്.

അതേസമയം, ഇന്ത്യയിൽ വന്ന് ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയുമായി സഹകരിക്കാൻ ഇസ്രയേലിലെ പ്രതിരോധ കമ്പനികളെ മോദി ക്ഷണിച്ചു. ഉദാരവൽക്കരിച്ച വിദേശനിക്ഷേപ നയത്തിന്റെ ഗുണഭോക്താക്കളാകാനും അദ്ദേഹം ഇസ്രയേൽ കമ്പനികളെ ആഹ്വാനം ചെയ്തു.

നയതന്ത്രതലത്തിൽ നടത്തിയ നീണ്ട ചർച്ചകൾക്കു ശേഷം വിവിധ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു. സൈബർ സുരക്ഷ, ഗ്യാസ് ആൻഡ് ഓയിൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും കരാറുകൾക്ക് രൂപം നൽകിയത്. അതേസമയം, ജറുസലം വിഷയത്തിൽ ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേലിനെതിരെ വോട്ടു ചെയ്തതും ചർച്ചാവിഷയമായതായാണ് റിപ്പോർട്ട്. വിഷയം ചർച്ചയ്ക്കെടുത്തെങ്കിലും കേവലം ഒരു വിഷയത്തെച്ചൊല്ലി ഉഭയകക്ഷി ബന്ധം മോശമാക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഇരുപക്ഷവും എത്തിയത്.

ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ തീരുമാനിച്ചതായി ചർച്ചകൾക്കു ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ മോദി അറിയിച്ചു. കൃഷി, ശാസ്ത്ര സാങ്കേതിക മേഖല, സുരക്ഷ തുടങ്ങിയ മേഖലകളിലാണ് ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയെന്നും അദ്ദേഹം അറിയിച്ചു.

related stories