Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേനസീറിനെ കൊലപ്പെടുത്തിയത് പാക്ക് താലിബാനെന്ന് വെളിപ്പെടുത്തൽ

benazir-Bhutto-press

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാനി താലിബാനാണെന്ന് അവകാശവാദം. 2007ലാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബേനസീർ കൊല്ലപ്പെടുന്നത്. അധികാരത്തിൽ തിരിച്ചെത്തിയാൽ അമേരിക്കയുമായി ചേർന്നു പാക്ക് താലിബാനെതിരെ ആഞ്ഞടിക്കുമെന്ന സൂചനയെത്തുടർന്നായിരുന്നു കൊലപാതകം.

യുഎസുമൊത്ത് സഹകരണത്തിനുള്ള ബേനസീറിന്റെ നീക്കം സംബന്ധിച്ച് പാക്ക് താലിബാൻ സ്ഥാപകൻ ബൈത്തുള്ള മെഹ്സൂദിന് അറിവുണ്ടായിരുന്നു. മുജാഹിദീദ്–ഇ–ഇസ്‌ലാമിനെതിരെ ആക്രമണത്തിനായിരുന്നു ബേനസീർ–യുഎസ് സഖ്യം പദ്ധതിയിട്ടിരുന്നതെന്നും പാക്ക് താലിബാന്റെ ഉറുദു ഭാഷയിലുള്ള ‘ഇൻക്വിലാബ് മെഹ്സൂദ് സൗത്ത് വസീറിസ്ഥാൻ ഫ്രം ബ്രിട്ടിഷ് രാജ് ടു അമേരിക്കൻ ഇംപീരിയലിസം’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു.

ഇതാദ്യമായാണ് ഒരു ഭീകരസംഘടന ഏതെങ്കിലും തരത്തിൽ ബേനസീറിന്റെ മരണം സംബന്ധിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. തിരഞ്ഞെടുപ്പു റാലിക്കിടെ 2007 ഡിസംബർ 27ന് റാവൽപിണ്ടിയിൽ വച്ചാണ് ബേനസീർ കൊല്ലപ്പെടുന്നത്. തെഹ്‌രീക്–ഇ–താലിബാൻ ആണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു മുൻ പ്രസിഡന്റ് പർവേസ് മുഷാറഫ് ആരോപിച്ചത്. എന്നാൽ സംഘടന ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

സയീദ് എന്നറിയപ്പെടുന്ന ബിലാലും ഇക്രമുള്ളയുമായിരുന്നു ചാവേറുകളെന്നും പുസ്തകത്തിലുണ്ട്. ബിലാലാണ് ആദ്യം വെടിയുതിർത്തത്. അതു ബേനസീറിന്റെ കഴുത്തിൽ കൊണ്ടു. തുടർന്ന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു. ടിടിപി നേതാവ് അബു മൻസൂർ അസിം മുഫ്തി നൂർ വാലിയാണ് പുസ്തകമെഴുതിയത്. 588 പേജുള്ള പുസ്തകം ഓൺലൈൻ വഴി ലഭ്യമാക്കുകയായിരുന്നു.