Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്പോർട്ട് നിറംമാറ്റം: രാജ്യം തന്നെ പൗരന്മാരെ രണ്ടായി തരംതിരിക്കുന്നെന്ന് പിണറായി

Pinarayi Vijayan

തിരുവനന്തപുരം∙ കേന്ദ്ര സർക്കാർ നടപ്പാക്കാനിരിക്കുന്ന പാസ്പോർട്ട് പരിഷ്കരണം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്നതാണിത്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറത്തിലുമാണ് ഇനി ഉണ്ടാവുക എന്നാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സാധാരണ തൊഴിലാളികളെയും അഭ്യസ്തവിദ്യരെയും രണ്ടായി തിരിക്കുന്നതാണത്.

പത്താംതരം പാസാകാത്ത തൊഴിലാളികൾ രണ്ടാംതരക്കാരായി പരിഗണിക്കപ്പെടും എന്ന അവസ്ഥയാണ് ഇത് നടപ്പാക്കുന്നതിലൂടെ ഉണ്ടാവുക. ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകൾ സമത്വത്തിനുള്ള അവകാശങ്ങളാണ് വിശദീകരിക്കുന്നത്. എല്ലാ പൗരന്മാരെയും ഒന്നായി കാണുന്നതാണ് അത്. ഇതിന്റെ ലംഘനമായിരിക്കും കേന്ദ്ര നടപടിയെന്നും പിണറായി സമൂഹമാധ്യമത്തിൽ കുറിച്ചു.

പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറ്റൊരു തീരുമാനം. അങ്ങനെ വന്നാൽ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവില്ല.

നമ്മുടെ നാട്ടിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് മഹാഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്. അവരിൽ പത്താം ക്ലാസ് പാസാകാത്തവരുമുണ്ടാകും. ബിസിനസ് സമൂഹത്തിലും അത്തരക്കാർ കാണും. അവർക്കുള്ള പാസ്പോർട്ടിന് പ്രത്യേക നിറം നൽകിയാൽ ഇതര രാജ്യങ്ങളിലെത്തുമ്പോൾ അവർ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുക.

തൊഴിലവസരം നഷ്ടപ്പെടുന്നതിലേക്കും അപമാനിക്കപ്പെടുന്നതിലേക്കും ഇത് നയിക്കും. സ്വന്തം രാജ്യം തന്നെ പൗരന്മാരെ ഇങ്ങനെ തരംതിരിക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനം തിരുത്താൻ എത്രയും വേഗം കേന്ദ്ര സർക്കാർ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories