Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരയാകും ‘പുതുച്ചേരി നമ്പർ’; അന്വേഷണത്തിൽ ആയിരത്തോളം വാഹനങ്ങൾ

Cars

കോട്ടയം ∙ പുതുച്ചേരി റജിസ്ട്രേഷനിൽ കേരളത്തിൽ ഓടുന്ന മുഴുവൻ വാഹനങ്ങളും നികുതി വെട്ടിച്ച് എത്തിയതാണെന്നു പറയാനാവില്ല. ന്യായമായ കാരണങ്ങൾ ബോധിപ്പിച്ചു കേരളത്തിൽ ഓടുന്ന വാഹനങ്ങൾക്കു തുടരാം, അല്ലാത്തവർ കുടുങ്ങുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം നൽകുന്ന സൂചന. 

സംസ്ഥാനത്തു നിന്നു വാങ്ങി പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത 1187 വാഹനങ്ങളുടെ വിവരങ്ങൾ വാഹന വകുപ്പ് ശേഖരിച്ചിരുന്നു. ഇതിനു പുറമെയുള്ള പുതുച്ചേരിയിൽ പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളും പുതിയ സാഹചര്യത്തിൽ കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാണ്. 30 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിലയുളള വാഹനങ്ങളിലാണ് കൂടുതലായും തട്ടിപ്പ്.

20 ലക്ഷം രൂപയ്ക്കു മുകളിൽ വില വരുന്ന കാറുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ നൽകേണ്ട ഭീമമായ നികുതി ഒഴിവാക്കാനാണ് ‘പുതുച്ചേരി വഴി’ ഉടമസ്ഥർ സ്വീകരിക്കുന്നത്. കേരളത്തിൽ 15 ലക്ഷം രൂപ നികുതി ഇനത്തിൽ നൽകേണ്ട വാഹനത്തിന് പുതുച്ചേരിയിൽ 75,000 രൂപയ്ക്കു കാര്യം നടക്കും. ഇങ്ങനെ പുതുച്ചേരി റജിസ്ട്രേഷൻ നടത്തിയതു വഴി സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ നഷ്ടം വന്നുവെന്നാണ് സമീപകാല കണക്ക്. 

തട്ടിപ്പിലെ വഴി 

ഇന്ത്യൻ പൗരനാണെങ്കിൽ രാജ്യത്ത് എവിടെയും വാഹനം റജിസ്റ്റർ ചെയ്യാം. സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ വേണമെന്നു മാത്രം. അതേസമയം, കേരളത്തിനു പുറത്തുള്ള വാഹനങ്ങൾ സ്ഥിരമായി ഓടിക്കണമെങ്കിൽ വാഹന വകുപ്പിൽ നിന്ന് അനുമതി നേടണമെന്നാണ് നിയമം. അതായത്, പുതുച്ചേരിയിൽ നിന്നു താൽക്കാലിക പെർമിറ്റ് എടുക്കുന്നയാൾ, അവിടെ സ്ഥിരം റജിസ്ട്രേഷനുള്ള വിലാസം നൽകണം. എന്നാൽ, കേരളത്തിൽ നിന്നു താൽക്കാലിക റജിസ്ട്രേഷൻ എടുക്കുമ്പോൾ പുതുച്ചേരിയിലെ വ്യാജവിലാസം നൽകും. തുടർന്ന് അവിടേക്ക് എത്തിച്ചു റജിസ്റ്റർ ചെയ്യും. ഇതിനു സഹായിക്കുന്ന വൻ കണ്ണികൾ സംസ്ഥാനത്തുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം.

പണി വരുന്നുണ്ട്... 

നിയമാനുസൃതമല്ലാത്ത രേഖകളുടെ ബലത്തിൽ വാങ്ങിയ പുതുച്ചേരി വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഇവർക്കെതിരെയുണ്ടാകുമെന്നാണ് സൂചന. അതേസമയം, കേരളത്തിലേക്കു മാറാൻ നിശ്ചിതസമയം ലഭിച്ചേക്കും. ഇങ്ങനെ കേരളത്തിൽ റീറജിസ്റ്റർ ചെയ്യുമ്പോൾ പൂർണ റോഡ് നികുതി അടയ്ക്കണം. ഒരു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ ഏഴു ശതമാനം ഇളവു ലഭിക്കും. നികുതി ലാഭിക്കാൻ നടത്തിയതു കുരുക്കായി മാറുമെന്നു ചുരുക്കം. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ മോട്ടോർ വാഹനവകുപ്പ് ഇവർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. വാഹനങ്ങളുടെ സർവീസ് സെന്ററുകൾ കേന്ദ്രീകരിച്ചു ജില്ലയിൽ പരിശോധന വ്യാപകമാക്കാനും വാഹന വകുപ്പിനു നീക്കമുണ്ട്. 

വാഹനം , ഏകദേശ വില, കേരളത്തിലെ നികുതി, പുതുച്ചേരിയിലെ നികുതി എന്ന പ്രകാരത്തിലെ കണക്കുകൾ ചുവടെ:

ജാഗ്വർ എഫ് ടൈപ്പ് വി6 എസ്/സി- 2.43 കോടി, 48.6 ലക്ഷം, 2.4 ലക്ഷം 

പോർഷേ- 97.12 ലക്ഷം, 19.4 ലക്ഷം, 97,000 

മേഴ്സിഡസ് ബെൻസ് ജിഎൽ- 77.5 ലക്ഷം, 15.5 ലക്ഷം, 77,500 

ഓഡി Q7 Quattro- 75 ലക്ഷം, 15ലക്ഷം, 75,000 

ബിഎംഡബ്ല്യു 530D- 63.8 ലക്ഷം, 12.6 ലക്ഷം, 63,800