Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുച്ചേരി വാഹന റജിസ്ട്രേഷൻ: സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം∙ പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ചുവെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഒരു ലക്ഷം രൂപ ബോണ്ടും രണ്ട് ആൾജാമ്യത്തിലുമാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്.

അമല പോളിനെ ചോദ്യം ചെയ്തു

ഇതേ കേസിൽ നടി അമല പോളിനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്വന്തം പേരിലുള്ള ആഡംബരകാർ കേരളത്തിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടുക്കേണ്ടിയിരുന്ന വൻതുകയുടെ നികുതി ഒഴിവാക്കാൻ, പുതുച്ചേരിയില്‍ റജിസ്റ്റർ ചെയ്യുകയായിരുന്നു അമലയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വ്യാജവിലാസം ഉണ്ടാക്കിയാണ് ഇതു ചെയ്തതെന്നു കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരമാണു കേസ്.

സമാനമായക്കേസില്‍ നടൻ ഫഹദ് ഫാസിലിനെയും ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയശേഷം വിട്ടയച്ചിരുന്നു. വെട്ടിപ്പു നടത്തിയതു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞമാസം 17.68 ലക്ഷം രൂപ ഫഹദ് നികുതി അടച്ചിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ചൊവ്വാഴ്ച മുതൽ നടപടി

പുതുച്ചേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച വാഹനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് ഗതാഗതവകുപ്പ്. ഇതിനായി പൊലീസിന്റെ സഹകരണംതേടി. പുതുച്ചേരി വാഹനങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് എല്ലാ ആര്‍ടിഒമാര്‍ക്കും അയച്ചു കൊടുത്തു. 

നികുതിവെട്ടിപ്പു നടത്തിയ വാഹന ഉടമകള്‍ക്ക് പിഴ അടച്ച് കേരള റജിസ്ട്രേഷനിലേക്ക് മാറ്റാനുള്ള അവസരം ഗതാഗത വകുപ്പ് നല്‍കിയിരുന്നു. അനുസരിക്കാത്തവര്‍ക്കെതിരെയാണ് നടപടി. ഗതാഗത വകുപ്പിന്റെ കര്‍ശന നടപടി വന്നതോടെ പുതുച്ചേരി വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറ‍ഞ്ഞിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ കണ്ടെത്തുന്നത് വെല്ലുവിളിയാണ്. മാഹിയില്‍ റജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പെടെ 2200 പുതുച്ചേരി റജിസ്ട്രേഷന്‍ വാഹനങ്ങളാണ് കേരളത്തിലുള്ളത്.

related stories