Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കളെ വർഷങ്ങളോളം ചങ്ങലയ്ക്കിട്ടു; യുഎസിൽ മാതാപിതാക്കൾ അറസ്റ്റിൽ

David-Allen-Turpin-and-Louise-Anna-Turpin ഡേവിഡ് അലൻ ടർപിൻ, ലൂസി അന്ന ടർപ്പിന്‍

ലൊസാഞ്ചലസ്∙ മക്കളെ വർഷങ്ങളോളം ചങ്ങലയിൽ തടവിലാക്കിയ മാതാപിതാക്കൾ കലിഫോർണിയയിൽ അറസ്റ്റിൽ. രണ്ടു വയസ്സു മുതൽ 29 വയസ്സുവരെ പ്രായമുള്ള 13 കുട്ടികളെയാണ് തടവിലാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പതിനേഴുകാരിയായ പെൺകുട്ടി വീട്ടിൽനിന്നു രക്ഷപെട്ട് പൊലീസിൽ അറിയിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അൻപത്തിയേഴുകാരനായ പിതാവ് ഡേവിഡ് അലൻ ടർപിന്നും നാൽപ്പത്തിയൊൻപതുകാരിയായ ലൂസി അന്ന ടർപ്പിനുമാണ് അറസ്റ്റിലായത്.

പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധനയ്ക്കെത്തിയ പൊലീസ് അവിടുത്തെ സാഹചര്യം കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി. ദുർഗന്ധം വമിക്കുന്ന, ഇരുട്ടടഞ്ഞ മുറികളിലെ കട്ടിലുകളിൽ കെട്ടിയിട്ട നിലയിലായിരുന്നു കുട്ടികൾ. വർഷങ്ങളോളം കെട്ടിയിട്ടതിന്റെ ഫലമായി വളർച്ച മുരടിച്ച സ്ഥിതിയിലായിരുന്നു ഇവരിൽ പലരും. ചിലരുടെ കൃത്യമായ പ്രായമെത്രയെന്നു മനസിലാക്കാൻ പോലും സാധിച്ചില്ല.

ആദ്യം രക്ഷപ്പെട്ടെത്തിയ കുട്ടിയെ കണ്ടാൽ പത്തുവയസ്സു മാത്രമേ പ്രായം തോന്നുകയുള്ളൂവെന്നും വിശക്കുന്നതായി പറഞ്ഞ മറ്റു കുട്ടികൾക്ക് ഭക്ഷണം നൽകി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായും പൊലീസ് അറിയിച്ചു. കുട്ടികളെ കെട്ടിയിട്ടതിന്റെ കാരണമെന്താണെന്ന് മാതാപിതാക്കൾ വ്യക്തമാക്കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.