Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് സബ്സിഡി നിർത്തലാക്കി; തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്

Hajj-2

ന്യൂഡൽഹി∙ ഹജ് സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി. ചില ഏജൻസികൾക്കു മാത്രമാണ് സബ്സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. കപ്പലിലും ഹജിനു പോകാൻ സൗകര്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

2018 ഓടെ സബ്സിഡി നിർത്തലാക്കുമെന്ന് ഹജ് സബ്സിഡി, ഹജ് സേവന പുനരവലോകന സമിതി യോഗത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി വിനിയോഗിക്കാനാണു നീക്കം. കഴിഞ്ഞ വർഷം 450 കോടി രൂപയോളമാണു ഹജ് സബ്സിഡിക്കായി നീക്കിവച്ചിരുന്നത്.

സബ്സിഡി ഘട്ടംഘട്ടമായി നിർത്തലാക്കാൻ 2012ൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. 2022ന് അകം നിർത്താനായിരുന്നു നിർദേശം. അതേസമയം, 1.70 ലക്ഷം തീർഥാടകരെ തീരുമാനം ബാധിക്കും. കേരളത്തിൽനിന്ന് പ്രതിവർഷം 10,981 പേരാണ് ഹജിനു പോയിരുന്നത്.

സബ്സിഡി: വിമാനക്കമ്പനികൾക്ക് സർക്കാർ നൽകുന്ന സഹായം

ഹജ് യാത്രയുടെ വിമാനക്കൂലിക്ക് സർക്കാർ വിമാനക്കമ്പനികൾക്കു നൽകുന്ന സബ്സിഡിയാണ് ഹജ് സബ്സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്. 2022ഓടെ ഹജ് സബ്സിഡി ഘട്ടംഘട്ടമായി നിർത്തണമെന്നും ആ തുക പാവപ്പെട്ട മുസ്‌ലിംകളുടെ ഉന്നമനത്തിനായി വിനിയോഗിക്കാമെന്നും 2012ൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടൽ കേന്ദ്രത്തിൽനിന്നുള്ള വിമാനക്കൂലിക്കാണ് സബ്സിഡി ലഭിക്കുന്നത്. കപ്പൽയാത്രയെക്കാൾ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സർക്കാർ സഹായം എന്ന നിലയിൽ 1974ൽ ഇന്ദിരാഗാന്ധിയാണ് സബ്സിഡിക്ക് തുടക്കമിട്ടത്.