Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലുവ കവർച്ചാ കേസ്: ലഭിച്ചത് ഒരു വിരലടയാളം മാത്രം; അന്വേഷണം ഊർജിതം

aluva-theft-2 തോട്ടുമുഖത്തു കവർച്ച നടന്ന വീട്ടിലെത്തിയ റൂറൽ എസ്പി എ.വി. ജോർജ്, ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ എന്നിവർ ഗൃഹനാഥൻ അബ്ദുല്ലയിൽ നിന്നു വിവരങ്ങൾ ശേഖരിക്കുന്നു.

കൊച്ചി ∙ ആലുവ തോട്ടുമുഖം മഹിളാലയം കവലയ്ക്കു സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നു 117 പവനും 90,000 രൂപയും കവർച്ച നടത്തിയ കേസില്‍ വീട്ടില്‍ നിന്ന് ലഭിച്ചത് ഒരു വിരലടയാളം മാത്രം. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കവര്‍ച്ചയ്ക്കു പിന്നില്‍ വിദഗ്ധസംഘമാണെന്ന് സംശയിക്കുന്നു.

പകല്‍ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മോഷ്ടാക്കളെ രണ്ട് ദിവസത്തിനകം പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആലുവ റൂറൽ എസ് പി എ.വി ജോർജ് പറഞ്ഞു.

ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ക്രൈം സ്ക്വാഡിലേയും അംഗങ്ങളെ ഉൾപ്പെടുത്തിയുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഇതര സംസ്ഥാന തൊഴിലാളികളെ മാത്രം കേന്ദ്രീകരിച്ചല്ല അല്ല അന്വേഷണമെന്നും പ്രഫഷനൽ സംഘത്തിന്റെ സാന്നിധ്യം തള്ളിക്കളയുന്നില്ലെന്നും കവർച്ച നടന്ന വീട്ടിൽ പരിശോധന നടത്തിയ റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.

സംഭവത്തിനുശേഷം കവർച്ചാ സംഘം രക്ഷപ്പെട്ടത് പെരുമ്പാവൂർ ഭാഗത്തേക്കെന്നും സൂചനയുണ്ട്. മോഷ്ടാക്കൾ പെരുമ്പാവൂരിലേക്കു ബസിലോ മറ്റേതെങ്കിലും വാഹനത്തിലോ പോയിരിക്കാനാണു സാധ്യത. റോഡിൽ ഈ ഭാഗത്തു നിരീക്ഷണ ക്യാമറയില്ല. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. പതിനഞ്ചോളം പേർ കസ്റ്റഡിയിലുണ്ട്. 

കവർച്ച നടന്ന പടിഞ്ഞാറെപ്പറമ്പിൽ അബ്ദുല്ലയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിന്റെ മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ എത്തിയതെന്നു കരുതുന്നു. അന്നു പകൽ സമയത്ത് സംശയകരമായ സാഹചര്യത്തിൽ അവിടെ ചിലരെ കണ്ടതായി പറയുന്നുണ്ട്. വാതിലിന്റെ താഴും സെയ്ഫും പൊളിക്കാൻ ഉപയോഗിച്ച വാക്കത്തിയും പിക്കാക്സും വീടിന്റെ മുറ്റത്തു നിന്നെടുത്തതാണ്. 

ആവശ്യം കഴിഞ്ഞു മുറിയിൽ ഉപേക്ഷിച്ചു. മോഷ്ടാക്കൾ ഏറെനേരം വീടിനുള്ളിൽ ചെലവഴിച്ചു കിട്ടാവുന്നതെല്ലാം വാരിവലിച്ചു പരിശോധിച്ചാണു മടങ്ങിയത്. കിടപ്പുമുറിയിലെ സെയ്ഫിനുള്ളിലായിരുന്നു സ്വർണാഭരണങ്ങൾ. അബ്ദുല്ലയുടെ മകൻ ഹാരിഫിന്റെ ഭാര്യ ശ്രീമൂലനഗരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഫെബിനയുടെതാണു 112 പവൻ. അഞ്ചു പവൻ അബ്ദുല്ലയുടെ ഭാര്യ മുനീറയുടേതും. 

aluva-theft-1 തോട്ടുമുഖത്തു കവർച്ച നടന്ന വീടിനു സമീപം ഡോഗ് സ്ക്വാഡിന്റെ പരിശോധന. അൻവർ സാദത്ത് എംഎഎൽഎ സമീപം.

പിന്നിൽ ആര്? 

കുടുംബാംഗങ്ങളുടെ യാത്രയെക്കുറിച്ചു മനസ്സിലാക്കിയ ആരെങ്കിലുമാകാം കവർച്ചയ്ക്കു പിന്നിലെന്നാണു പൊലീസിന്റെ സംശയം. വീട്ടുകാർ മലപ്പുറം ജില്ലയിലെ മമ്പുറം പള്ളിയിലേക്കു രാവിലെ ഏഴിനാണു പോയത്. രാത്രി എട്ടോടെ തിരിച്ചെത്തി. വീടിന്റെ മുൻപിലും പിറകിലുമുള്ള വാതിലുകൾ പൂട്ടിയാണു പോയത്. പിറകിലെ താഴാണ് കവർച്ചക്കാർ പൊളിച്ചത്. 

അബ്ദുല്ലയുടെ വീടിന്റെ തൊട്ടടുത്ത് ഫ്ലാറ്റിന്റെ നിർമാണം നടക്കുന്നുണ്ട്. അൻപതോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ട് അവിടെ. മുകളിൽ നിന്നാൽ താഴെ വീടിനു പുറത്തു നടക്കുന്നതെല്ലാം കാണാം. ഫ്ലാറ്റിലും തൊഴിലാളികളുടെ താമസസ്ഥലത്തും പൊലീസ് പരിശോധന നടത്തി. എന്നാൽ, പൊലീസ് നായ് ഫ്ലാറ്റിന്റെ പരിസരത്തേക്കു പോയില്ല. ഞായറാഴ്ച ഇവിടെ പണിയില്ലായിരുന്നു. തൊഴിലാളികളുടെ കൂട്ടത്തിൽ ആരെങ്കിലും അപ്രത്യക്ഷരായിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടുകാർ പിറകിലെ വാതിൽ പൂട്ടി പോകുന്നതു കണ്ടവർ സൂചന നൽകിയതനുസരിച്ചാണോ മോഷ്ടാക്കൾ എത്തിയതെന്നും സംശയിക്കുന്നു. 

aluva-theft-3 ആലുവ തോട്ടുമുഖത്തു കവർച്ച നടന്ന വീട്.

അനാഥം ആലുവ പൊലീസ് സ്റ്റേഷൻ

റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം, കുറ്റകൃത്യങ്ങൾ കൂടിയ സ്ഥലം എന്നീ നിലകളിൽ അതീവ ജാഗ്രത ആവശ്യമാണെങ്കിലും ഒരാഴ്ചയായി നാഥനില്ലാത്ത അവസ്ഥയിലാണ് ആലുവ പൊലീസ് സ്റ്റേഷൻ. തലപ്പത്ത് ഗ്രേഡ് എസ്ഐ മാർ മാത്രമേയുള്ളൂ. സ്റ്റേഷൻ ഹൗസ് ഓഫിസറായി പുതുവർഷ ദിനത്തിൽ ചുമതലയേറ്റ സിഐ വിശാൽ ജോൺസൺ തൊട്ടുപിന്നാലെ ശബരിമല ഡ്യൂട്ടിക്കുപോയി. അതുവരെ പ്രിൻസിപ്പൽ എസ്ഐ ആയിരുന്ന എം.എസ്. ഫൈസൽ ഡൽഹിയിൽ പരിശീലനത്തിലാണ്.

related stories