Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകാശ് രാജ് പ്രസംഗിച്ച വേദി ഗോമൂത്രം തളിച്ച് ‘ശുദ്ധിയാക്കി’ യുവമോർച്ച

prakash-raj പ്രകാശ് രാജ്. ചിത്രം: ഫെയ്സ്ബുക്

ബെംഗളൂരു∙ സംഘപരിവാർ നയങ്ങളുടെ വിമർശകരിലൊരാളായ തെന്നിന്ത്യൻ താരം പ്രകാശ് രാജിന്റെ കർണാടകയിലെ പരിപാടിക്കുശേഷം വേദിയിൽ ഗോമൂത്രം തളിച്ച് ‘ശുദ്ധീകരണവുമായി’ യുവമോർച്ച. തീരദേശ കർണാടകയിലെ സിർസിയിൽ രാഘവേന്ദ്ര മഠത്തിൽ ഇടതുപക്ഷ ചിന്തകർ നടത്തിയ പരിപാടിയുടെ വേദിയിലാണു യുവമോർച്ച പ്രവർത്തകർ ഗോമൂത്രം തളിച്ചത്.

പ്രാദേശിക നേതാവ് വിശാൽ മറാഠേ യുടെ നേതൃത്വത്തിൽ മകരസംക്രാന്തി ദിവസത്തിലാണു യുവമോർച്ച പ്രവർത്തകരെത്തിയത്. പരിപാടി സംഘടിപ്പിച്ച സ്ഥലം മുഴുവനും അവർ ഗോമൂത്രം തളിച്ചു ‘ശുദ്ധിയാക്കി’. ഉത്തര കന്നഡ എംപിയും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെയെ ‘നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്നു പേരിട്ട പരിപാടിയിലെ തന്റെ പ്രസംഗത്തിൽ പ്രകാശ് രാജ് വിമർശിച്ചിരുന്നു. ഇതും യുവമോർച്ച പ്രവർത്തകരെ പ്രകോപിപ്പിച്ചു.

പരിപാടി ഇവിടെ സംഘടിപ്പിച്ചതിലൂടെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ നമ്മുടെ മതപരമായ സ്ഥലത്ത് അശുദ്ധി കൊണ്ടുവന്നെന്നെന്നാണു മറാഠേയുടെ വാദം. ബീഫ് കഴിക്കുന്നതിനെ അംഗീകരിക്കുന്ന, ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന ഇത്തരം ആളുകളുടെ സന്ദർശനത്താൽ സിർസി നഗരം അശുദ്ധമായെന്നും ഇത്തരം ‘സാമൂഹികവിരുദ്ധ-ഇടതു ചിന്തകരോട്’ സമൂഹം പൊറുക്കില്ലെന്നും മറാഠേ കൂട്ടിച്ചേർത്തു.

അതേസമയം, യുവമോർച്ചക്കാരുടെ പ്രതിഷേധത്തിൽ കുലുങ്ങാതെയുള്ള മറുപടിയായിരുന്നു പ്രകാശ് രാജിന്റേത്. താൻ പോകുന്നിടത്തെല്ലാം ഇത്തരം ‘ശുചീകരണ പ്രവർത്തനം’ അവർ നടത്തുമോയെന്നും നടൻ ട്വിറ്ററിലൂടെ ആരാഞ്ഞു.

related stories