Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈന്യത്തിന് 1,66,000 അത്യാധുനിക തോക്കുകൾ; 3547 കോടിയുടെ പദ്ധതിക്ക് അനുമതി

indian army patroling at loc

ന്യൂഡൽഹി∙ അതിർത്തി കാക്കുന്ന ഇന്ത്യൻ സേനാംഗങ്ങൾക്ക് മികവു കൂടിയ ആയുധങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് ആയുധ സംഭരണ കൗൺസിലിന്റെ (ഡിഎസി) അനുമതി. 3547 കോടി രൂപയുടെ തോക്കുകൾ വാങ്ങാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്.

ഇതോടെ, ഇന്ത്യൻ സായുധ സേനകളുടെ 11 വർഷം പഴക്കമുള്ള ആവശ്യമാണ് പൂവണിയുന്നത്. അതിർത്തി മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് കരസേന ദീർഘനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഏകദേശം 1,66,000 തോക്കുകൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. പ്രഹരശേഷി കൂടിയ 72,400 അത്യാധുനിക റൈഫിളുകളും (അസോൾട്ട് റൈഫിൾ) 83,895 കാർബൈനുകളുമാണ് (ചെറു ഓട്ടോമാറ്റിക് റൈഫിൾ) വാങ്ങുക.

ഇന്ത്യയിൽത്തന്നെ  നിർമിക്കുന്ന എകെ–47 തോക്കുകളും ഇന്‍സാസ് തോക്കുകളുമാണ് ഇന്ത്യൻ സൈനികർ ഇതുവരെ ഉപയോഗിച്ചിരുന്നത്. 1988 മുതൽ സൈന്യത്തിന്റെ ഭാഗമായി മാറിയ ഈ ആയുധങ്ങൾക്കു പകരം ഉയർന്ന പ്രഹരശേഷിയുള്ളവ ആവശ്യമാണെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രഹരശേഷി കൂടിയ ആയുധങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയത്.

2016ലും ആയുധം വാങ്ങുന്നതിനായി ശ്രമം നടത്തിയിരുന്നെങ്കിലും താൽപര്യമറിയിച്ച് ഒരു കമ്പനി മാത്രം രംഗത്തെത്തിയതോടെ ഈ ശ്രമം പരാജയപ്പെട്ടിരുന്നു. പാക്കിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ കാവൽ നിൽക്കുന്ന സൈനികർക്കാകും ഈ ആയുധങ്ങൾ പ്രധാനമായും നൽകുക. ഭീകരവാദികൾക്കെതിരായ പോരാട്ടങ്ങൾക്കും ഇവ ഉപയോഗിക്കും.