Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താൽ ബന്ദ് തന്നെ; ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്കു നിർത്തണം: ഹൈക്കോടതി

hartal

കൊച്ചി ∙ ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നുവെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും ഹര്‍ത്താലുകള്‍ ദോഷം ചെയ്യുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പൗരന്റെ ജീവൻ രക്ഷിക്കുകയെന്നതു സർക്കാരിന്റെ പ്രാഥമികവും പരമപ്രധാനവുമായ കടമയാണ്. പണ്ടുതന്നെ നിരോധിച്ചിട്ടുള്ള ബന്ദിന്റെ മറുരൂപമാണ് ഹർത്താലുകളെന്നും ഹർത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്കു നിർത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

2005ലെ എല്‍ഡിഎഫ് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമത്തില്‍ കാഴ്ച നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ കളമശേരി സ്വദേശി ചന്ദ്രബോസ് മിനി ലോറിയുമായി കണ്ണൂരിൽ നിന്നു കോഴിക്കോട്ടേക്കു വരുന്നതിനിടെ കൊയിലാണ്ടിക്കു സമീപം കല്ലേറുണ്ടായി. ലോറിയുടെ ചില്ലു തകർത്ത് കല്ല് ചന്ദ്രബോസിന്റെ വലതു കണ്ണിൽ കൊണ്ടു കാഴ്ച നഷ്ടമായി. 14 ലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണു അദ്ദേഹം കോടതിയിലെത്തിയത്.

സർക്കാർ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധി. തുകയുടെ 75 ശതമാനം എൽഡിഎഫ് കൺവീനർ, സിഐടിയു ജനറൽ സെക്രട്ടറി എന്നിവരിൽ നിന്ന് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുള്ളതിനാൽ ബന്ദ്, ഹർത്താൽ ദിനങ്ങളിലെ നാശനഷ്ടങ്ങൾക്കു പരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.

ഇതിനെതിരെയാണ് സർക്കാർ അപ്പീൽ പോയത്. നഷ്ടപരിഹാര ബാധ്യതയുടെ 25% സർക്കാരിൽ ചുമത്തിയതു ശരിയല്ലെന്നും അക്രമങ്ങൾക്ക് ഉത്തരവാദികളായ രാഷ്ട്രീയ പാർട്ടികൾക്കാണു നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയെന്നുമായിരുന്നു സർക്കാർ നിലപാട്. എന്നാൽ, സിംഗിൾ ജഡ്ജിയുടെ വിധിയിൽ അപാകതയില്ലെന്നും നഷ്ടപരിഹാരം നൽകിയ ശേഷം സർക്കാരിനു തുക രാഷ്ട്രീയ കക്ഷികളിൽ നിന്ന് ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.