Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ‘ഹേറ്റ് വയലൻസ്’ ക്യാംപെയിൻ

aruna-roy സാമൂഹിക പ്രവർത്തകരുടെ യേ‍ാഗത്തിൽ അരുണാറേ‍ായ് പ്രസംഗിക്കുന്നു.

പാലക്കാട്∙ വ്യക്തികളും സമുദായങ്ങളും തമ്മിൽ വെറുപ്പുണ്ടാക്കി നടത്തുന്ന ആസൂത്രിത അക്രമങ്ങളെ ചെറുക്കാനും ഇടപെടാനും രാജ്യമെ‍ാട്ടാകെ ക്യാംപെയിൻ ആരംഭിക്കും. ഹേറ്റ് വയലൻസ് എന്നപേരിൽ നടത്തുന്ന സാമൂഹിക സൗഹൃദ ക്യാംപെയിനിൽ രാജ്യത്തെ 200 ലധികം സംഘടനകൾ പങ്കാളികളാകും.

ഇതിനായി പ്രമുഖ സാമൂഹിക പ്രവർത്തക അരുണാ റേ‍ായ്, കേന്ദ്ര ലളിതകലാ അക്കാദമി മുൻ ചെയർമാൻ അശേ‍ാക് വാജ്പേയ്, സതീശ് ദേശ്പാണ്ഡേ എന്നിവരുടെ നേതൃത്വത്തിൽ സിറ്റിസൺ കൗൺസിൽ ഫേ‍ാർ പീസ് രൂപീകരിച്ചു. സങ്കുചിത നേട്ടകൾക്കായി അക്രമം ഉണ്ടാക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഭരണഘടനാമൂല്യങ്ങളെ ബലികഴിക്കുന്നതായി ഇവർ ആരേ‍ാപിച്ചു. തെ‍ാഴിലാളി അഫ്രസൂലിനെ രാജസ്ഥാനിലെ രാജ്സമാന്തിൽ ചുട്ടുകെ‍ാല്ലുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു പരിഭ്രാന്തിയുണ്ടാക്കിയ സംഭവത്തിന്റെ പാശ്ചാത്തലത്തിലാണു രാജ്സാമന്തിലെ ഗാന്ധിസേവാദസദത്തിൽ നടന്ന 16 സംസ്ഥാനങ്ങളിലെ സാമൂഹിക, ഗാന്ധിയൻ പ്രവർത്തകരുടെ സംഗമത്തിൽ ക്യാംപെയിനു രൂപം നൽകിയത്.

ആദ്യഘട്ടത്തിൽ കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ നിയമജ്ഞർ, പൗരപ്രമുഖർ, റിട്ട.സിവിൽ സർവീസ് – ജുഡീഷ്യൽ ഒ‍ാഫിസർമാർ തുടങ്ങി പെ‍ാതുസമ്മതരായ വ്യക്തികൾ ഉൾപ്പെടുന്ന സംസ്ഥാന, ജില്ലാതല സമിതി രൂപീകരിക്കും. അധികാരവും സമ്പത്തുമാണു രാഷ്ട്രീയ, സാമുദായിക അക്രമങ്ങളുടെ ലക്ഷ്യമെന്നു യേ‍ാഗം വിലയിരുത്തി. വ്യക്തികളെ ഒറ്റപ്പെടുത്തി അക്രമിക്കുന്ന പ്രവണത വർധിക്കുകയാണ്. അക്രമം നിലനിർത്താൻ പാർട്ടികളും, ഇതര സംഘടനകളും തങ്ങളുടെ സ്വാധീന പ്രദേശങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണവും നടത്തുന്നു. ഇതിനെതിരെ ഉൽസവങ്ങളിലും ആഘേ‍ാഷങ്ങളിലും ഇതരസംഘടനകളെക്കൂടി ഉൾപ്പെടുത്തി ജനകീയമാക്കുന്നതുൾപ്പെടെ ക്യാംപെയിന്റെ ഭാഗമായുണ്ടാകും. ജനങ്ങൾക്കിടയിൽ അക്രമങ്ങളെ വെറുക്കുന്ന മനസുണ്ടാക്കുകയാണു പരിപാടിയുടെ ലക്ഷ്യമെന്നു സംഘാടകർ പറഞ്ഞു.

സംരംഭത്തിന്റെ ഭാഗമായുള്ള ദ്രുതപ്രതികരണ സംഘം സംഘർഷ, സംഭവ പ്രദേശങ്ങളിൽ എത്തി വസ്തുതാ റിപ്പേ‍ാർട്ട് അധികൃതർക്കു നൽകും. ക്യാംപെയിൻ വിദ്യാർഥികൾക്കിടയിലെത്തിക്കാൻ അരുണാ റേ‍ായിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരുകളെ സമീപിക്കാനും തീരുമാനിച്ചു.

related stories