Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ 2020 മാർച്ചിൽ പൂർത്തിയാക്കും

railway track

കൊച്ചി∙ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുറുപ്പന്തറ -ഏറ്റുമാനൂർ (എട്ട് കിലോമീറ്റർ) , ചങ്ങനാശേരി-ചിങ്ങവനം (ഒൻപത് കിലോമീറ്റർ) ഇരട്ടപ്പാതകൾ ഈ വർഷം മേയ് മാസം കമ്മിഷൻ ചെയ്യും. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള (19 കിലോമീറ്റർ) ഇരട്ടപ്പാത 2020 മാർച്ചിലും പൂർത്തിയാക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെയും സംസ്ഥാനത്തെ വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും കലക്ടർമാരുടെയും സംയുക്ത യോഗത്തിലാണു പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കാൻ ധാരണയായത്.

മേയിൽ പൂർത്തിയാക്കാനുള്ള രണ്ടു റീച്ചുകളിലായി 1.19 ഹെക്ടർ ഭൂമിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇത് മാർച്ചിനു മുൻപായി കൈമാറുമെന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. കോട്ടയം ഭാഗത്തു പാത നിർമാണത്തിനു കൂടുതൽ സമയം വേണ്ടതിനാലാണു 2020 മാർച്ച് എന്ന പുതിയ കാലപരിധി നിശ്ചിയിച്ചിരിക്കുന്നത്. ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ ആറു ഹെക്ടറോളം ഭൂമി ഏറ്റെടുക്കാനുണ്ട്. ഇരട്ടപ്പാത പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിനുകൾ കേരളത്തിനു ലഭിക്കുമെന്നു അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലും അങ്കമാലി-എരുമേലി ശബരി പദ്ധതിയും നടപ്പാക്കാൻ കേന്ദ്രം തന്നെ മുഴുവൻ പണം മുടക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിയെയും ധനകാര്യമന്ത്രിയെയും കാണുമെന്നും അദ്ദേഹം പറഞ്ഞു. മുൻപു പ്രഖ്യാപിച്ച പദ്ധതികളായതിനാൽ പകുതി ചെലവു വഹിക്കാൻ കഴിയില്ലെന്നു സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു. പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ചു റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വരുന്ന ബജറ്റിൽ തീരുമാനം പ്രതീക്ഷിക്കുന്നതായും  അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ-തിരുന്നാവായ പാതയുടെ സർവേ കുന്ദംകുളം മുതൽ തിരുന്നാവായ വരെ തടസപ്പെട്ടിരിക്കയാണ്. പൊലീസ് സഹായത്തോടെ സർവേ പൂർത്തിയാക്കും. മുൻപു പ്രഖ്യാപിച്ച തിരുവനന്തപുരം-ബെംഗളൂരു ട്രെയിൻ പ്രതിദിനമാക്കണമെന്നും ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുകയാണെങ്കിൽ വാരാന്ത്യ സർവീസാക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. കേരളത്തിലോടുന്ന ട്രെയിനുകൾക്കു ജർമൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന എൽഎച്ച്ബി കോച്ചുകൾ അനുവദിക്കുമെന്നു റെയിൽവേ ബോർഡ് അഡീഷനൽ മെമ്പർ (വർക്സ്) അജിത് പണ്ഡിറ്റ് പറഞ്ഞു.

ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (ജോയിന്റ് വെൻജ്വേഴ്സ്) രാജേഷ് അഗർവാൾ, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി.കമലവർധനറാവു, റെയിൽവേ നിർമാണ വിഭാഗം ചീഫ് എൻജീനിയർ ഷാജി സ്കറിയ, കലക്ടർമാരായ ടി.വി. അനുപമ, ബി.എസ്. തിരുമേനി, മുഹമ്മദ് സഫിറുല്ല, ആർ.ഗിരിജ, റവന്യു ഉദ്യോഗസ്ഥർ, ഡപ്യൂട്ടി ചീഫ് എൻജീനിയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

∙ കായംകുളം-എറണാകുളം (കോട്ടയം വഴി) പാത ഇരട്ടിപ്പിക്കൽ ആരംഭിച്ചത് -2003 

∙ ആകെ ദൈർഘ്യം- 114 കിലോമീറ്റർ

∙ ഇരട്ടപ്പാത പൂർത്തിയായത് - എറണാകുളം - കുറുപ്പന്തറ, കായംകുളം - ചങ്ങനാശേരി - ആകെ 78 കിലോമീറ്റർ 

∙ ബാക്കിയുള്ളത്: കുറുപ്പന്തറ - ചങ്ങനാശേരി - 36 കിലോമീറ്റർ

∙കുറുപ്പന്തറ - ഏറ്റുമാനൂർ - 8 കിലോമീറ്റർ (മേയ് 2018)

∙ചങ്ങനാശേരി - ചിങ്ങവനം - 9 കിലോമീറ്റർ (മേയ് 2018)

∙ഏറ്റുമാനൂർ - ചിങ്ങവനം - 19 കിലോമീറ്റർ (മാർച്ച് 2020) 

related stories