Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി പെൻഷൻ: 60 കോടി അനുവദിക്കുമെന്ന് സർക്കാർ

KSRTC_Pensioners-1 പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കെഎസ്ആർടിസി പെൻഷന് സർക്കാർ പണം അനുവദിക്കും. എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു മാസത്തെ പെൻഷനായി 60 കോടി രൂപ ആവശ്യപ്പെട്ടാണു എംഡി കത്തു നൽകിയത്. അഞ്ചിലധികം മാസങ്ങളായി പെൻഷൻ ലഭിക്കാത്തതുമൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണു പെൻഷൻകാർ. കഴിഞ്ഞ ദിവസം ഒരാൾ ജീവനൊടുക്കുകയും ചെയ്തു. പെൻഷൻ കുടിശിക തീർക്കാൻ 224 കോടി രൂപയാണു കെഎസ്ആർടിസിക്കു വേണ്ടത്.

കെഎസ്ആർടിസിയെ സർക്കാർ കൈവിടില്ലെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെൻഷന്റെ പകുതി സർക്കാർ നൽകാമെന്നതാണു കെഎസ്ആർടിസിയുമായി നിലവിലുള്ള ധാരണ. ഇതനുസരിച്ച് ഒരു വർഷം 360 കോടി രൂപ നൽകിയാൽ മതി. ഈമാസം നാലിന് നൽകിയ 70 കോടി രൂപയടക്കം 630 കോടി രൂപ 10 മാസത്തിനിടെ നൽകിയിട്ടുണ്ട്. മുഴുവൻ പെൻഷൻ ഏറ്റെടുത്താലും 600 കോടി രൂപ നൽകിയാൽ മതിയായിരുന്നു. ഇതിനു പുറമെ സർക്കാർ ഗാരന്റിയിൽ 505 കോടി രൂപ വായ്പയെടുത്തും നൽകിയിട്ടുണ്ട്. പദ്ധതി വിഹിതമായി മറ്റൊരു 47 കോടി രൂപ വേറെയും നൽകി. പെൻഷൻ ഏറ്റെടുക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കുന്നില്ല. പെൻഷൻ ഏറ്റെടുത്താൽ തീരുന്നതല്ല കെഎസ്ആർടിസിയുടെ പ്രതിസന്ധിയെന്നും തോമസ് ഐസക് വ്യക്തമാക്കി.

ശമ്പളവും പെൻഷനും സർക്കാർ നൽകുന്ന രീതി അധികകാലം മുന്നോട്ടു പോകില്ലെന്നും സംസ്ഥാന സർക്കാരിനു പുതിയ റവന്യു ബാധ്യതകൾ ഏറ്റെടുക്കാനാവില്ലെന്നും ധനമന്ത്രി തോമസ് ഐസക് ഡിസംബറിലും പറഞ്ഞിരുന്നു. ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ ഏറ്റവും വലുതാണ്. പക്ഷേ, ധനവകുപ്പിനു മൊത്തം ചിത്രം വിസ്മരിച്ചു തീരുമാനമെടുക്കാൻ ആകില്ലെന്നും ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി വ്യക്തമാക്കിയത്. തുടർന്ന് ഇതിനെതിരെ വലിയ തോതിൽ പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

related stories