Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോവൽ ബിജെപി തിരഞ്ഞെടുപ്പ് ചർച്ചാ യോഗത്തിൽ; വിശദീകരണം തേടി സിപിഎം

ajit-doval

ന്യൂഡൽഹി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ബിജെപി നേതാക്കൾ നടത്തിയ ചർച്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എത്തിയെന്ന വാർത്തകൾ ഞെട്ടിക്കുന്നതെന്ന് സിപിഎം. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽച്ചേർന്ന ബിജെപി നേതാക്കളുടെ യോഗത്തിൽ ഡോവലും പങ്കെടുത്തെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

തിരഞ്ഞെടുപ്പു ചർച്ചയിൽ ഡോവൽ പങ്കെടുത്തതായി ചില റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശരിയാണെങ്കിൽ ഇത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെപ്പോലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ എങ്ങനെയാണു പങ്കെടുക്കുന്നത്? ആഭ്യന്തരമന്ത്രി ഉടൻതന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകണം. - സിപിഎം പ്രസ്താവനയിൽ പറയുന്നു.

ബിജെപി, ആർഎസ്എസ് നേതാക്കളാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ യോഗം ചേർന്നത്. അതേസമയം, രാജ്നാഥ് സിങ്ങിന്റെ വീട്ടിൽ നടന്ന യോഗത്തിൽ മറ്റു നേതാക്കൾക്കൊപ്പം ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്, ആർഎസ്എസ് മുതിർന്ന നേതാവ് കൃഷ്ണ ഗോപാൽ എന്നിവരാണു യോഗം ചേർന്നതെന്നു സിപിഎം തൃപുര സെക്രട്ടറി ബിജൻ ധർ ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എ.കെ. ജോട്ടിക്ക് ഇക്കാര്യം വ്യക്തമാക്കി കത്തെഴുതിയെന്നും ഭരണസംവിധാനങ്ങളെ തിരഞ്ഞെടുപ്പു വിജയത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളിലൊന്നാണ് യോഗമെന്നും ധർ കുറ്റപ്പെടുത്തി.

related stories