Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന അഞ്ച് ജഡ്ജിമാർക്ക് പ്രശാന്ത് ഭൂഷന്റെ പരാതി

Bhushan-Mishra അഡ്വ. പ്രശാന്ത് ഭൂഷൺ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.

ന്യൂഡൽഹി∙ മെ‍ഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരാതിയുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള സിബിഐ സംഘത്തിന്റെ നീക്കം ചീഫ് ജസ്റ്റിസ് ഇടപെട്ട് തടഞ്ഞെന്ന് ആരോപിച്ചാണ് പരാതി. പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന ക്യാംപെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസാണ് (സിജെഎആർ) ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയത്.

മെഡിക്കൽ കോഴക്കേസ് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആവശ്യപ്പെട്ടതിനു സിജെഎആറിനു സുപ്രീം കോടതി നേരത്തേ 25 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകാൻ ഔദ്യോഗിക സംവിധാനങ്ങളില്ലാത്തതിനാലാണ് സുപ്രീംകോടതിയിലെ മുതിർന്ന അഞ്ച് ജഡ്ജിമാർക്ക് പരാതി നൽകിയത്. ചീഫ് ജസ്റ്റിസിനെതിരെ കഴിഞ്ഞ ദിവസം കലാപക്കൊടി ഉയർത്തിയ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർക്കും ജസ്റ്റിസ് എ.കെ. സിക്രിക്കുമാണ് പരാതി നൽകിയത്.

ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, അരുൺ മിശ്ര, ജസ്റ്റിസ് എ.എം. ഖാൻവില്‍ക്കർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് മെഡിക്കൽ കോഴക്കേസ് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന സിജെഎആറിന്റെ ഹർജി തള്ളി ഇവർക്ക് 25 ലക്ഷം രൂപ പിഴ വിധിച്ചത്. ഇതിനു പിന്നാലെയാണ് പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർക്ക് പരാതി നൽകിയത്.

സുപ്രീം കോടതി വിധിയനുസരിച്ച് ചീഫ് ജസ്റ്റിസിന്റെ അനുമതി കൂടാതെ ഒരു ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ആർക്കും അവകാശമില്ലെന്നും, മെഡിക്കൽ കോഴക്കേസിൽ ആരോപണവിധേയനായ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് നാരായൺ ശുക്ലയ്ക്കെതിരെ എഫ്െഎആർ റജിസ്റ്റർ ചെയ്യാനുള്ള സിബിഐയുടെ നീക്കം ഈ ആനുകൂല്യത്തിന്റെ മറവിൽ ചീഫ് ജസ്റ്റിസ് തടഞ്ഞെന്നുമാണ് പ്രശാന്ത് ഭൂഷന്റെ പരാതി. കേസുമായി ബന്ധപ്പെട്ടു ചീഫ് ജസ്റ്റിസ് കഴിഞ്ഞ നവംബർ ആറിനു നൽകിയ ഭരണനിർവഹണപരമായ ഉത്തരവിൽ ക്രമക്കേടുണ്ടെന്നും ഭൂഷൺ ആരോപിച്ചു.