Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്കറ്റുകളിൽ തീ പടർത്തി ഇന്ധനവില, വില ആരു പിടിച്ചുകെട്ടും?

petrol-casghless

തിരുവനന്തപുരം∙ ഇന്ധനവില തീ വിലയാകവേ, വില കുറയ്ക്കുന്നതിനെച്ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. ഇതിനിടയില്‍പ്പെട്ട് വലയുന്നത് ജനങ്ങളും. പെട്രോളിന്റെ വില കൊച്ചിയിൽ ലീറ്ററിന് 73.97രൂപയും ഡീസലിന് 66.12 രൂപയുമായി ഉയര്‍ന്നു. ഡീസലും പെട്രോളും തമ്മിലുള്ള വില വ്യത്യാസം 7.85 രൂപയായി ചുരുങ്ങി. ജനുവരി ഒന്നിന് പെട്രോള്‍ വില 72.96ഉം ഡീസല്‍വില 63.90 ആയിരുന്നു. അതേസമയം, തിരുവനന്തപുരത്ത് പെട്രോൾ ലീറ്ററിന് 75 രൂപയും ഡീസലിന് 67 രൂപയുമാണ് വില.

വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യമാണ് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനം വില്‍പ്പന നികുതി കുറയ്ക്കണമെന്ന നിലപാടിലാണ് കേന്ദ്രം. ജിഎസ്ടി കഴിഞ്ഞാല്‍ സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍വരുമാനം ലഭിക്കുന്നത് മദ്യത്തിലും ഇന്ധനത്തിലുമാണ്. ഇതിനാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെടാനിടയില്ല. 

ഇന്ധനവില വര്‍ധിച്ചതോടെ ഗതാഗത നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡീസല്‍വില വര്‍ധിക്കുന്നത് കെഎസ്ആര്‍ടിസിക്കും തിരിച്ചടിയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ കൂടുതല്‍ തുക ഡീസലിനായി ചെലവാക്കേണ്ടിവരും.

പ്രതിദിനം 2.75 കോടിരൂപയാണ് കെഎസ്ആര്‍ടിസി ഇന്ധനത്തിനായി ചെലവിടുന്നത്. പ്രതിമാസം 80 കോടി രൂപ. യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം കെഎസ്ആര്‍ടിസിയും ഉന്നയിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ശ്രമിക്കണമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രഡേഴ്സ് അസോസിയേഷന്‍ പറയുന്നു.

∙സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ധിക്കും

ഇന്ധനവില വര്‍ധിക്കുന്നത് സംസ്ഥാന ധനവകുപ്പിന് ആശ്വാസമാണ്. വരുമാനം കൂടുമെന്നതുതന്നെ കാരണം. ഡിസംബറില്‍ 622 കോടിരൂപയാണ് ഇന്ധന നികുതി ഇനത്തില്‍ ലഭിച്ചത്. ഈ മാസം ഇതു 660 കോടികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

∙സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന നികുതി വരുമാനം ഇങ്ങനെ:

2017 മേയ് - 631 കോടി

ജൂണ്‍ - 669 കോടി

ജൂലൈ - 537 കോടി

ഓഗസ്റ്റ് - 648 കോടി

സെപ്റ്റംബര്‍ - 623 കോടി

ഒക്ടോബര്‍ - 601കോടി

നവംബര്‍ - 569 കോടി

ഡിസംബര്‍ - 622 കോടി

∙ഇന്ധനത്തിന്റെ നികുതിഘടന - ഒരു കിലോ ലീറ്റര്‍(1000 ലീറ്റര്‍)

പെട്രോള്‍

അടിസ്ഥാനവില - 32,048

കേന്ദ്ര എക്സൈസ് ഡ്യൂട്ടി - 19,480

മറ്റു ചെലവുകള്‍ - 142

നികുതി ഇല്ലാതെ കേരളത്തിലെ വില - 51,670രൂപ

വില്‍പ്പന നികുതി - 16,431(31.8%)

ഒരു ലീറ്ററിന് ഒരു രൂപ അഡീ.സെയില്‍സ് ടാക്സ് - 1000 ലീറ്ററിന് 1000രൂപ

ഇതിന്റെ രണ്ടിന്റെയും വിലയുടെ ഒരു ശതമാനം സെസ് - 174രൂപ

ഡിലര്‍ കമ്മിഷന്‍ - 3270രൂപ

ആകെ - 72,545 രൂപ

ഡീസല്‍

അടിസ്ഥാന വില - 33,032

കേന്ദ്ര എക്സൈസ് ഡ്യൂട്ടി - 15,330

മറ്റു ചെലവുകള്‍ - 142

നികുതി ഇല്ലാത്ത കേരളത്തിലെ വില - 48,504.95

കേരളത്തിലെ വില്‍പ്പന നികുതി - 11,893.41 (24.52%)

ഒരു ലിറ്ററിന് ഒരു രൂപ അഡീ. സെയില്‍സ് ടാക്സ് - 1000 ലീറ്ററിന് 1000 രൂപ

സെസ് - 128 രൂപ

ഡീലര്‍ കമ്മിഷന്‍ - 2190

ആകെ - 63,717 രൂപ

(കേരള ജിഎസ്ടി സെല്ലിന്റെ കണക്ക്)