Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറത്തുനിന്നുള്ള എംഎൽഎയെ എൻസിപിയുടെ മന്ത്രിയാക്കാൻ ശ്രമിച്ചിട്ടില്ല: പീതാംബരൻ

TP Peethambaran

കൊച്ചി ∙ മറ്റേതെങ്കിലും പാർട്ടിയിലെ എംഎൽഎയെ എൻസിപിയുടെ മന്ത്രിയാക്കാൻ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരൻ അറിയിച്ചു. എൻസിപി മന്ത്രിമാരായിരുന്ന രണ്ടുപേർക്കു തൽക്കാലം മന്ത്രിസഭയിൽനിന്നു മാറിനിൽക്കേണ്ടി വന്ന സാഹചര്യത്തിൽ മറ്റു ചില പാർട്ടികളിലെ എംഎൽഎമാരെ എൻസിപി മന്ത്രിമാരാക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ ശരിയല്ലെന്നും ആരുമായും ഇതു സംബന്ധിച്ചു ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എ.കെ. ശശീന്ദ്രൻ രാജിവച്ച ഒഴിവിലാണു തോമസ് ചാണ്ടി മന്ത്രിയായത്. പിന്നീട് അദ്ദേഹവും രാജിവയ്ക്കാനിടയായി. ശശീന്ദ്രനുമായി ബന്ധപ്പെട്ടു കോടതിയിലുള്ള വിഷയങ്ങൾ തീരുമാനമാവുന്ന മുറയ്ക്ക് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുമെന്നു പാർട്ടി സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവും പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആ നിലപാടിൽ പാർട്ടി ഇന്നും ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.