Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ അതിക്രമങ്ങൾ യുഎസ് ലഘൂകരിച്ചു കാട്ടുന്നു: പാക്കിസ്ഥാൻ

Khurram-Dastagir-Khan പാക്ക് പ്രതിരോധമന്ത്രി ഖുറം ദസ്താഗിർ ഖാൻ (ട്വിറ്റർ ചിത്രം)

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളെ ലഘൂകരിച്ചു കാട്ടാനാണ് യുഎസിന്റെ ശ്രമമെന്ന് പാക്ക് പ്രതിരോധമന്ത്രി ഖുറം ദസ്താഗിർ ഖാൻ. പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയോടുള്ള നിലപാടിൽ മാറ്റം വരുത്തണമെന്നും ബോധ്യപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നെന്നും ഖുറം ദസ്താഗിർ ഖാൻ പറഞ്ഞു. യുഎസുമായുള്ള എല്ലാ പ്രശ്നങ്ങളും പറഞ്ഞുതീർക്കാനും തെറ്റിദ്ധാരണകൾ നീക്കാനും ഒരുമിച്ചിരുന്നുള്ള ചർച്ച അത്യാവശ്യമാണെന്നും പാക്ക് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ വിദേശനയത്തിലെ വ്യതിയാനങ്ങളും രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികളും സംബന്ധിച്ച് പാക്ക് ദേശീയ അസംബ്ലിയിൽ പ്രസ്താവന നടത്തുമ്പോഴായിരുന്നു അതിർത്തിയിൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളെ യുഎസ് ലഘൂകരിക്കുന്നെന്ന് മന്ത്രി പറഞ്ഞത്. തിങ്കളാഴ്ച അസംബ്ലിയിൽ നടത്തിയ പ്രസ്താവന പാക്ക് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് വിശദാംശങ്ങൾ പുറത്തായത്.

ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തിലെ കാഴ്ചപ്പാടുകളാണ് പാക്കിസ്ഥാനും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ ദിശ നിർണയിക്കുന്ന പ്രധാന ഘടകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായ വ്യത്യാസങ്ങളുള്ള സകല വിഷയങ്ങളും ചേർത്തുവച്ച് യുഎസുമായി ഏറ്റവും സത്യസന്ധമായ ചർച്ച നടത്തേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ പാക്കിസ്ഥാനെ സംബന്ധിച്ച് ഒരു ഭീഷണിയേ അല്ല എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് യുഎസ്. ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ നയം മാറ്റാനും അവർ നമ്മെ നിർബന്ധിക്കുന്നു. എന്നാൽ, എക്കാലവും നമ്മളോടുള്ള ഇന്ത്യയുടെ നയം ശത്രുതാപരമാണ് എന്നതാണ് വസ്തുത – ഖുറം ഖാൻപറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ ഇന്ത്യയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് പാക്കിസ്ഥാനെ അസ്ഥിരമാക്കാനാണ് ശ്രമമെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വൻതോതിൽ സൈന്യത്തെയും ആയുധങ്ങളും ഇന്ത്യ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനിൽ യുഎസിന് വിജയിക്കാനാകാതെ പോയതിന്റെ പേരിൽ ബലിയാടാക്കപ്പെട്ട രാജ്യമാണ് പാക്കിസ്ഥാനെന്നും പ്രതിരോധമന്ത്രി പറഞ്ഞു.