Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോക്‌ലായിൽ ചൈനയുടെ വൻ സൈനികസന്നാഹം; ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്

dokla-china-army ദോക്‌ലായിൽ ചൈനയുടെ സൈനിക സന്നാഹം വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യം. വൃത്തത്തിനുള്ളിൽ ഹെലിപാഡ്.

ന്യൂഡൽഹി∙ സിക്കിം അതിർത്തിയോടു ചേർന്നുള്ള ദോക് ലാ തർക്കമേഖലയിൽ ചൈന വൻ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ സേനാ പോസ്റ്റിൽ നിന്ന് 80 മീറ്റർ അകലെ, ഏഴു ഹെലിപാഡുകൾ, ആയുധപ്പുര, കോൺക്രീറ്റ് കെട്ടിടങ്ങൾ എന്നിവയാണു ചൈന നിർമിച്ചിരിക്കുന്നത്. പത്തു കിലോമീറ്റർ നീളമുള്ള റോഡും നിർമിച്ചിട്ടുണ്ടെന്നാണു സൂചന. ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.

ഡിസംബർ രണ്ടാം വാരം പകർത്തിയ ഉപഗ്രഹദൃശ്യങ്ങളിലാണ്, ഇന്ത്യയ്ക്കു ഭീഷണിയായേക്കാവുന്ന നിർമാണങ്ങളുടെ വിശദാംശങ്ങളുള്ളത്. ഭൂട്ടാനുമായുള്ള തർക്ക മേഖലയിലാണു ചൈന പടയൊരുക്കം നടത്തുന്നതെന്നു ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ഇവിടെ കടന്നുകയറി റോഡ് നിർമിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടർന്നു കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്ത സംഘർഷം 73 നാൾ നീണ്ടുനിന്നിരുന്നു.

എന്നാൽ, കഴിഞ്ഞ വർഷത്തെ സംഘർഷനാളുകളിൽ ചൈന നിർമിച്ച താൽക്കാലിക സംവിധാനങ്ങളാണ് ഇവയെന്നും വാദമുണ്ട്. പ്രദേശത്തു ചൈനയുടെ താൽക്കാലിക സംവിധാനങ്ങൾ ഇപ്പോഴുമുണ്ടെന്നും ശൈത്യകാലമായതിനാൽ ചൈനീസ് സൈനികർ ഇപ്പോൾ അവിടെയില്ലെന്നും കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ശൈത്യകാലത്തിനുശേഷം ചൈനീസ് പട്ടാളം അവിടേക്കു തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.

ചൈനയിൽ നിന്നുള്ള ഏത് അടിയന്തര നീക്കവും നേരിടാൻ സേന തയാറാണെന്നു റാവത്ത് ഇന്നലെ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും അതിർത്തി സേനകൾ തമ്മിൽ നിരന്തര ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ ചൈനയുടെ ഭാഗത്തുനിന്നു കാര്യമായ ഭീഷണിയില്ല. എന്നാൽ, സേന ഒരുങ്ങിയാണു നിലയുറപ്പിച്ചിരിക്കുന്നത്. അവർ സംഘർഷമുണ്ടാക്കാൻ വീണ്ടുമെത്തിയാൽ നേരിടാൻ തയാറാണ് – റാവത്ത് വ്യക്തമാക്കി.